Asianet News MalayalamAsianet News Malayalam

പരാതി നേരിട്ട് കേള്‍ക്കാന്‍ പൊലീസ് മേധാവി; പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

കൂടത്തായ് കേസ് ഫോറന്‍സിക് ചലഞ്ച് ആണെന്നും അന്വേഷണത്തിന്‍റെ മേല്‍നോട്ടത്തിന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തുടര്‍ന്നും ഉണ്ടാകുമെന്നും ഡി ജി പി

kerala police chief loknath behera in parathi parihara adalath
Author
Calicut, First Published Feb 2, 2020, 6:19 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത്, പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഡി ജി പി ലോക്‌നാഥ് ബഹ്‌റയുടെ നേതൃത്വത്തില്‍ നടത്തി. പൊതു ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്ന പരിപാടിയില്‍ 46 പരാതികളാണ് പരിഗണിച്ചത്. വ്യക്തി സംബന്ധമായ പ്രശ്‌നങ്ങളും പൊതു പ്രശ്‌നങ്ങളും പരാതിയായി ലഭിച്ചതായി ഡി ജി പി അറിയിച്ചു.

കോഴിക്കോട് സിറ്റിയിലെ ട്രാഫിക് സംവിധാനം സംബന്ധിച്ച് ഒരു വിദ്യാര്‍ഥി നല്‍കിയ പരാതി പരിശോധിച്ചതായും പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ ശേഖരിച്ച് ട്രാഫിക് സംവിധാനത്തില്‍ മാറ്റം കൊണ്ടുവരുമെന്നും ഡി ജി പി അറിയിച്ചു. നഗരത്തിലെ പ്രധാന റോഡുകള്‍ വണ്‍വേ ആക്കുക, ജംഗ്ഷനുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പരാതിയില്‍ ഉള്ളത്. ഡ്രൈവര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങീ മുഴുവന്‍ സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനെയും വിളിച്ചു ചേര്‍ത്ത് ട്രാഫിക്ക് പ്രശ്‌നങ്ങള്‍ സംബന്ധിച്ച് യോഗം സംഘടിപ്പിക്കും. പൊതുജനാഭിപ്രായ രൂപീകരണത്തിന് ശേഷം നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ചെയ്യാനുള്ള നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പൊലിസ് വാഹനങ്ങളിലും കണ്‍ട്രോള്‍ റൂം വാഹനങ്ങളിലും മുന്നിലും പിന്നിലും കാമറകള്‍ സ്ഥാപിക്കും. വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ചീറ്റ പട്രോള്‍ സംവിധാനം ജില്ലയിലും നടപ്പാക്കുമെന്നും ഡി ജി പി അറിയിച്ചു. 

മിഠായിത്തെരുവില്‍ ട്രാഫിക്ക് സംവിധാനത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍ നല്‍കിയ പരാതി പരിശോധിച്ചു. വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സംവിധാനത്തെക്കുറിച്ച് പഠിച്ച് പരിഹാരം കാണാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കും. മിഠായിത്തെരുവില്‍ നിലനില്‍ക്കുന്ന ഗതാഗത പ്രശ്‌നത്തില്‍ ജനങ്ങള്‍ കൂടുതലായി എത്താന്‍ കഴിയുന്ന തരത്തില്‍ വ്യാപാരികള്‍ക്ക് കൂടി സഹായകമാവുന്ന തരത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന കാര്യം പരിശോധിച്ച് ചെയ്യും. 

ജില്ലയില്‍ രണ്ട് കേസുകളില്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന പരാതി പരിശോധിച്ച് ആവശ്യമായ നടപടി എടുക്കും. പൊലീസ് ഡ്രൈവര്‍ ടെസ്റ്റ് പാസായിട്ടും നിയമനം നിളുന്നതില്‍ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ബന്ധപ്പെട്ടവര്‍ക്ക് തുടര്‍ നടപടിക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.  കുന്നമംഗലം കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നടന്ന പണത്തട്ടിപ്പ് സംബന്ധിച്ചുളള പരാതി കോപ്പറേറ്റീവ് രജിസ്ട്രാര്‍ക്ക് കൈമാറിയതായും പെന്‍ഷന്‍ വ്യാജ രേഖ ചമച്ച് പണം തട്ടിയ പരാതിയും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയിലും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും ഡി ജി പി അറിയിച്ചു. 

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ദ്ധിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണെന്നും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് ഉള്‍പ്പെടെ നിരന്തരം ബോധവത്കരണം നല്‍കുമെന്നും ഡി ജി പി അറിയിച്ചു. പല കേസുകളിലും പ്രതികള്‍ പരിചയക്കാരോ ബന്ധുക്കളോ ആണെന്നതും ശാസ്ത്രീയ തെളിവുകള്‍ കൂടുതല്‍ ലഭിക്കേണ്ടതുണ്ട് എന്നതിനാലും കേസുകളില്‍ കാലതാമസം ഉണ്ടാകുന്നു.

നൂറു ശതമാനം തീര്‍ക്കാന്‍ കഴിയില്ലെങ്കിലും ബോധവത്കരണം വഴി കേസുകളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മാധ്യമങ്ങളുടെ പിന്തുണ ആവശ്യമാണെന്നും ഡി ജി പി പറഞ്ഞു. കൂടത്തായ് കേസ് ഫോറന്‍സിക് ചലഞ്ച് ആണെന്നും അന്വേഷണത്തിന്റെ മേല്‍നോട്ടത്തിന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തുടര്‍ന്നും ഉണ്ടാകുമെന്നും ഡി ജി പി അറിയിച്ചു. ഉത്തരമേഖലാ ഐ.ജി അശോക് യാദവ്, ജില്ലാ പോലീസ് മേധാവി (സിറ്റി) എ വി ജോര്‍ജ്, ജില്ലയിലെ ഡി വൈ എസ് പിമാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios