Asianet News MalayalamAsianet News Malayalam

2 പേരുടെ വസ്ത്രം മണപ്പിച്ച പിങ്കി അനങ്ങിയില്ല, പക്ഷേ മജീദിന്‍റെ തൊപ്പിയിലെ മണം തിരിച്ചറിഞ്ഞു! പിന്നെ വഴികാട്ടി

പ്രതിയുടെ സഞ്ചാരപാതയും തെളിവുകളുമടക്കം ഇതിന് ശേഷം പിങ്കി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു

Kerala police dog Pinky caught main accused of the theft case at the resort in Maypadi
Author
First Published Apr 20, 2024, 10:55 PM IST

കല്‍പ്പറ്റ: മേപ്പാടിയിലെ റിസോര്‍ട്ടിലെ മോഷണ കേസിലെ അന്വേഷണത്തില്‍ മുഖ്യപ്രതിയെ കുടുക്കിയത് വയനാട് പൊലീസിന്റെ പിങ്കി എന്ന ട്രാക്കര്‍ ഡോഗ്. ജാക്കറ്റ് ധരിച്ചതിനാല്‍ പ്രതിയുടെ രൂപവും മുഖവുമൊന്നും സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമല്ലാത്തതിനാല്‍ ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായം പൊലീസ് തേടിയിരുന്നു. കേസില്‍ കുറ്റവാളികളെന്ന് സംശയിക്കുന്ന ആളുകളുടെ വസ്ത്രങ്ങള്‍ മണപ്പിച്ച് മേപ്പാടി പൊലീസ് പരീക്ഷണം നടത്തി. രണ്ട് പേരുടെ വസ്ത്രങ്ങള്‍ മണം പിടിച്ചെങ്കിലും അനങ്ങാതെയിരുന്ന പിങ്കി, റിസോര്‍ട്ടിലെ മുന്‍ ഡ്രൈവറായ മജീദിന്റെ തൊപ്പി മണപ്പിച്ചുള്ള നീക്കമാണ് കേസിൽ നിർണായകമായത്. പ്രതിയുടെ സഞ്ചാരപാതയും തെളിവുകളുമടക്കം ഇതിന് ശേഷം പിങ്കി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ സതീഷന്‍, ബൈജു കുമാര്‍ എന്നിവരാണ് പിങ്കിയുടെ ട്രെയിനേഴ്സ്.

മജീദും ബെന്നറ്റും എല്ലാം സേഫാണെന്ന് കരുതി, മലപ്പുറത്ത് പോയി തിരിച്ചുവരവെ അപ്രതീക്ഷിതം; വൈത്തിരിയിൽ പിടിവീണു

കേസും വിവരങ്ങളും ഇങ്ങനെ

മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചയാളെയും കൂട്ടുപ്രതിയെയുമാണ് 24 മണിക്കൂറിനുള്ളില്‍ മേപ്പാടി പൊലീസ് പിടികൂടിയത്. റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരനായ കോട്ടനാട് അരിപ്പൊടിയന്‍ വീട്ടില്‍ അബ്ദുല്‍ മജീദ് (26) നെയും, സുഹൃത്ത് കോട്ടനാട്, കളത്തില്‍പറമ്പില്‍ വീട്ടില്‍ ബെന്നറ്റ് (26)നെയുമാണ് മേപ്പാടി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മോഷണ ശേഷം മലപ്പുറത്തേക്ക് പോയ ഇവര്‍ കേസില്‍ പിടിയിലാകില്ലെന്നുറച്ച് തിരിച്ചുവരുംവഴിയാണ് വൈത്തിരിയില്‍ വെച്ച് പിടിയിലാകുന്നത്. വ്യാഴാഴ്ച്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം. കോട്ടപ്പടി എളമ്പലേരി എസ്റ്റേറ്റിലെ ആരംഭ് റിസോര്‍ട്ടിലെ അടുക്കളയിലെ സ്റ്റോര്‍ റൂമിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 136,468 രൂപയാണ് മോഷണം പോയത്. ലോക്കറടക്കം മോഷ്ടിച്ച് കൊണ്ടുപോകുകയായിരുന്നു. റിസോര്‍ട്ടും പരിസരങ്ങളും പരിചയമുള്ള റിസോര്‍ട്ടിലെ മുന്‍ ഡ്രൈവറായ മജീദ് ആളെ തിരിച്ചറിയാതിരിക്കാനും സി സി ടി വി ദൃശ്യങ്ങളില്‍ കുടുങ്ങാതിരിക്കുന്നതിനുമായി ജാക്കറ്റ് ധരിച്ചാണ് മോഷ്ടിക്കാനെത്തിയത്. മോഷണം നടത്തിയശേഷം ബൈക്കില്‍ ബെന്നറ്റിന്റെ വീടിന്റെ അടുത്തുള്ള പഴയ വീട്ടിലെത്തി അവിടെ വെച്ച് വീട് പണിക്ക് കൊണ്ടു വന്ന ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ചു. പണം എടുത്ത ശേഷം ഇരുവരും ബൈക്കില്‍ മഞ്ഞളാംകൊല്ലിയിലുള്ള ക്വാറികുളത്തില്‍ ലോക്കര്‍ ഉപേക്ഷിക്കുകയായിരുന്നു. മേപ്പാടി സ്റ്റേഷനിലെ മുങ്ങല്‍ വിദഗ്ധരായ പൊലീസുകാര്‍ ഒരു മണിക്കൂറോളം തെരഞ്ഞാണ് ആഴമുള്ള കുളത്തില്‍ നിന്ന് ലോക്കര്‍ കണ്ടെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios