Asianet News MalayalamAsianet News Malayalam

ചേര്‍പ്പിലെ സദാചാര കൊലപാതകം; ഒടുവില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസുമായി പൊലീസ്

ഫെബ്രുവരി പതിനെട്ടിനാണ് വനിത സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവറായ സഹറിനെ എട്ട് യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. ചികിത്സയിലിരിക്കെ മാർച്ച് ഏഴിനാണ് സഹർ മരിച്ചത്.

kerala police release look out notice for accused in thrissur moral police murder etj
Author
First Published Mar 14, 2023, 12:27 AM IST

ചേര്‍പ്പ്:  തൃശ്ശൂർ ചേർപ്പിലെ സദാചാര കൊലപാതകത്തിൽ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ചിറയ്ക്കൽ കോട്ടം നിവാസികളായ കൊടക്കാട്ടിൽ വിജിത്ത്, വിഷ്ണു, ഡിനോണ്‍, അമീർ, അരുണ്‍, രാഹുൽ, അഭിലാഷ്, ഗിഞ്ചു എന്നിവരുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ്. ഏഴുപേര്‍ പ്രദേശത്തെ താമസക്കാരാണ്. ഒരാൾ മൂർക്കനാട് സ്വദേശിയും. വിദേശത്തേക്ക് കടന്ന മുഖ്യപ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. 

അതേസമയം കൊലപാതകം നടന്ന് മൂന്ന് ആഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാത്തതിൽ സഹറിന്‍റെ ബന്ധുക്കൾ അമർഷം മറച്ചുവയ്ക്കുന്നില്ല. പ്രതികളെ രക്ഷിക്കാൻ ചേർപ്പ് പൊലീസ് സഹായിച്ചുവെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പ്രതികൾക്ക് നാടുകടക്കാൻ സാമ്പത്തിക സഹായം നൽകിയ രണ്ടുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി പതിനെട്ടിനാണ് വനിത സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവറായ സഹറിനെ എട്ട് യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. ചികിത്സയിലിരിക്കെ മാർച്ച് ഏഴിനാണ് സഹർ മരിച്ചത്.

17 ദിവസമാണ് സഹര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രി മെഡിക്കൽ കോളേജിൽ കിടന്നത്. 21 ന് ചേർപ്പ് പൊലീസിന് പരാതി എത്തിയതിന് പിന്നാലെ മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തന്നെ ഉണ്ടാവുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പൊലീസ് പ്രതികളെ തേടിയിറങ്ങിയില്ല. സഹറിന്റെ മരണശേഷമാണ് പ്രതികളെ തേടി പൊലീസ് ഇറങ്ങിയെങ്കിലും എല്ലാവരും അതിനോടകം ഒളിവിൽ പോയിരുന്നു. 

പെൺസുഹൃത്തിന്റെ വീട്ടിൽ വന്ന ബസ് ഡ്രൈവർ സഹറിനെ ആക്രമിക്കാൻ പദ്ധതിയിട്ടത് രാഹുലാണ്. രാഹുലിന്റെ സുഹൃത്തായിരുന്ന യുവതിയുമായി സഹർ സൗഹൃദം സ്ഥാപിച്ചതാണ് മർദന കാരണം. മർദ്ദനത്തിൽ സഹറിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടലുകളിൽ ക്ഷതമേറ്റിരുന്നു, പാൻക്രിയാസിൽ പൊട്ടലുണ്ടായിരുന്നു, പ്ലീഹ ശസ്ത്രക്രിയയിൽ നീക്കം ചെയ്യേണ്ടി വന്നിരുന്നുവെന്നാണ് ബന്ധു വിശദമാക്കിയത്.  സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ മർദ്ദനദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

ആക്രമണത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. രാത്രി 12 മണിയോടെ തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ സഹര്‍, സംഭവത്തിന് ശേഷം വീട്ടിലെത്തി കിടന്നു. എന്നാൽ പുലര്‍ച്ചയോടെ വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലേക്കും സഹറിനെ എത്തിച്ചു.

പിന്നീടങ്ങോട്ട് സഹറിന്‍റെ ആരോഗ്യ നില വഷളായി. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന സഹറിനെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്നും വെന്റിലേറ്ററിൽ ചികിത്സയിലിരിക്കയാണ്  മരണം സംഭവിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios