മണിയാർ ഡാമിന്‍റെ ഷട്ടറുകൾ 200 സെന്‍റീ മീറ്റർ വരെ ഉയർത്തി വെള്ളം ഒഴുക്കി വിടുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. പമ്പയാറിന്റെയും കക്കാട്ടാറിൻ്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിർദേശം നല്‍കി.

പത്തനംതിട്ട: സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുന്നു. പത്തനംതിട്ട മണിയാർ ഡാമിന്‍റെ ഷട്ടറുകൾ 200 സെന്‍റീ മീറ്റർ വരെ ഉയർത്തി വെള്ളം ഒഴുക്കി വിടുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. പമ്പയാറിന്റെയും കക്കാട്ടാറിൻ്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിർദേശം നല്‍കി. പത്തനംതിട്ട ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Also Read: വരുന്ന അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴ തുടരും; മലയോര, തീരപ്രദേശങ്ങളിൽ യാത്രകൾക്ക് വിലക്ക്

അറിയിപ്പ് ഇങ്ങനെ:

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ജൂലൈ മൂന്ന് മുതല്‍ അഞ്ച് വരെ അതിശക്തമായ മഴയ്ക്കുള്ള (ഓറഞ്ച് അലര്‍ട്ട്) മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏത് സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും പരമാവധി 200 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്ത് വിടേണ്ടി വന്നേക്കാം. 

ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 60 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player