നല്ല ഒരു മഴ പെഴ്തതാ, പിന്നെ ഇതാ അവസ്ഥ! ഇനിയുമെത്ര നാൾ സഹിക്കണം ഈ യാത്ര ദുരിതം, ചോദ്യവുമായി നാരകത്തറക്കാർ
നാരകത്തറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് നാല് കിലോമീറ്റർ ദൂരത്തിലുള്ള മിക്ക ഭാഗങ്ങളും തകർന്ന് വെള്ളക്കെട്ട് ആയി കിടക്കുകയാണ്
ഹരിപ്പാട്: നാരകത്തറ അമ്പലാശ്ശേരി കടവ് റോഡിൽ യാത്ര ദുരിതം. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായിട്ട് തിരിഞ്ഞുനോക്കാതെ അധികൃതർ. കുമാരപുരം തൃക്കുന്നപ്പുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ദേശീയപാതയിൽ നാരകത്തറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് നാല് കിലോമീറ്റർ ദൂരത്തിലുള്ള മിക്ക ഭാഗങ്ങളും തകർന്ന് വെള്ളക്കെട്ട് ആയി കിടക്കുകയാണ്. കെ എസ് ആർ ടി സി, സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിനാണ് ഈ ഗതി. നാരകത്തറ വഴി തൃക്കുന്നപ്പുഴയിലേക്ക് സ്വകാര്യ ബസ്സുകൾ ഏറെയും സർവീസ് നടത്തുന്നതും ഈ റൂട്ടിൽ കൂടിയാണ്. സൈക്കിൾ യാത്രക്കാരായ സ്കൂൾ വിദ്യാർത്ഥികളും ഇരുചക്രവാഹന യാത്രക്കാരും റോഡിലെ കുഴിയിൽ വീണ് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നത് നിത്യ സംഭവമാണെന്നാണ് നാട്ടുകാർ പറയുന്നത്.
നാരകത്തറ മുതൽ മണികണ്ഠൻ ചിറ വരെ ജില്ലാ പഞ്ചായത്തിന്റെയും,മണികണ്ഠൻ ചിറ മുതൽ അമ്പലാശ്ശേരി കടവ് വരെതൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും അതീനധയിലാണ്. ജില്ലാ പഞ്ചായത്തിന്റെ അനുമതിയോടെ 2018 ൽ ഹാർബർ എൻജിനീയറിങ് വിഭാഗം ഒരു കോടി രൂപ മുടക്കി മണികണ്ഠൻ ചിറവരെ പുനർ നിർമ്മിച്ചതായിരുന്നു. എന്നാൽ പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. രേഖകൾ പ്രകാരം റോഡിന് എട്ടു മീറ്റർ വീതിയാണ് ഉള്ളത്. എന്നാൽ മിക്ക ഭാഗങ്ങളിലും ഇരുവശവും സ്വകാര്യ വ്യക്തികളും മറ്റുള്ളവരും കൈയേറി മതിലും വ്യാപാര സ്ഥാപനങ്ങളും നിർമ്മിച്ചിരിക്കുകയാണെന്നും പരാതിയുണ്ട്.
ഒരേസമയം ഇരു ദിശയിലും നിന്ന് വരുന്ന ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ കടന്നുപോകാൻ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഇതുകാരണം റോഡിൽ ഗതാഗത തടസ്സമുണ്ടാകുന്നത് പതിവാണ്. കഴിഞ്ഞദിവസം അമ്പലശേരി കടവിനു കിഴക്ക് തയ്യിൽ ജംഗ്ഷൻ സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെ മറികടന്നു പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് തിട്ട ഇടിഞ്ഞ് ചതുപ്പിലേക്ക് ചരിഞ്ഞിരുന്നു. ചുവടുകളുടെ വ്യത്യാസത്തിൽ മാത്രമാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ജനപ്രതിനിധികൾ ആരും തന്നെ റോഡ് പുനർനിർമാണത്തിന് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല എന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് അടിയന്തരമായി പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം