ആരും കൊതിച്ചുപോകും! കേരളത്തിലെ ഈ സർക്കാർ സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരു സിനിമ തീയറ്റർ, വൻ പൊളി
സംവിധായകൻ സോഹൻറോയാണ് തിയേറ്റർ സംഭാവന ചെയ്തത്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ സർക്കാർ സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ സിനിമ തിയറ്റർ ഒരുക്കി. അഗളി ഗവ. എച്ച് എസ് എസിലെ വിദ്യാർഥികൾക്കായാണ് തിയേറ്റർ ഒരുങ്ങിയത്. സിനിമ മാത്രമല്ല സെമിനാറുകളും ക്ലാസ്സുകളുമെല്ലാം മികച്ച ദൃശ്യ ശ്രവ്യ സംവിധാനത്തോടെ അടുത്തറിയാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. സംവിധായകൻ സോഹൻറോയാണ് തിയേറ്റർ സംഭാവന ചെയ്തത്.
ആദ്യമായി തിയേറ്ററിലെത്തുന്ന വിദ്യാർത്ഥികൾക്ക് നവ്യാനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിന് പുറമെ, സിനിമ കാണാനും നിർമ്മിക്കാനും കുട്ടികൾക്ക് സൗകര്യവുമുണ്ട്. 2400 നടുത്ത് വിദ്യാർഥികളാണ് അഗളി സ്കൂളിൽ പഠിക്കുന്നത്. അതിൽ ഭൂരിഭാഗം പേരും ആദ്യമായി തിയേറ്ററിലിരുന്ന് സിനിമകാണുന്നത് സ്കൂളിലൊരു തിയേറ്റർ വന്നതിന് ശേഷമാണെന്നതും കൗതുകം.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അഗളി സ്കൂളിൽ തിയേറ്ററൊരുങ്ങിയത്. സംരംഭകനും സിനിമ നിർമ്മാതാവും സംവിധായകനുമായ സോഹൻറോയാണ് തിയറ്റർ ഒരുക്കാനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുത്തത്. അക്വസ്റ്റിക്സ് സംവിധാനം, കുഷ്യൻ കസേരകൾ, മികച്ച ശബ്ദ സംവിധാനം, പ്രൊജക്ഷൻ സ്ക്രീൻ വ്യക്തമായി കാണാനായി തീയറ്റർ മോഡലിലുള്ള ഗ്യാലറി സ്ട്രക്ചർ മുതലായവ ഈ എഡ്യൂക്കേഷണൽ തിയേറ്ററിൽ ഒരുക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന മികവ് അഭിനന്ദനാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ട് ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെന്റിക്‌സണ്‍ രംഗത്തെത്തി എന്നതാണ്. ഇക്കാര്യം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കുന്നത് സംബന്ധിച്ച് തുടര്‍ ചര്‍ച്ചക്കായി കേരളത്തിലെത്തിയ ഫിന്‍ലാന്റിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അന്ന - മജാ ഹെൻറിക്സനും അക്കാദമിക വിദഗ്ദ്ധന്മാര്‍ ഉള്‍പ്പെടുന്ന സംഘവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചെന്നും അദ്ദേഹം വിവരിച്ചു. ഫിന്‍ലാൻഡ് അംബാസിഡര്‍, കോണ്‍സുലേറ്റ് ജനറല്‍, വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷടാവ്, ഫിന്‍ലാൻഡ് പ്രൈമറി വിദ്യാഭ്യാസ ഡയറക്‌ടര്‍, വിദേശകാര്യ മന്ത്രാലയ ഡയറക്‌ടര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു എന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ കൂടികാഴ്‌ച്ചക്കും വിശദമായ ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ഫിന്‍ലാൻഡ് സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപക ശാക്തീകരണം, സാങ്കേതിക വിദ്യാഭ്യാസം, ഗണിത - ശാസ്ത്ര വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ചാണ് ചർച്ചകൾ നടന്നതെന്നും മന്ത്രി ശിവൻകുട്ടി വിവരിച്ചു.