ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാൻ തീരുമാനം.

തൃശൂര്‍: ജില്ലയില്‍ ദുരന്തനിവാരണ പ്രതിരോധത്തിന്റെ ഭാഗമായി ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത അറിയുന്നതിന് നിരീക്ഷണം ശക്തമാക്കാന്‍ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ നിര്‍ദേശം. കാലവര്‍ഷവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേമ്പറില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.

ചാലക്കുടി, ചാവക്കാട്, മുകുന്ദപുരം, തലപ്പിള്ളി, കൊടുങ്ങല്ലൂര്‍, കുന്നംക്കുളം, തൃശൂര്‍ താലൂക്കുകളില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ സാധ്യതയും ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കിലെ കടലോര മേഖലയിലാണ് കടല്‍ക്ഷോഭ സാധ്യതയും കണ്ടെത്തിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ അപകടം നടന്ന പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജില്ലാതലത്തില്‍ തയാറാക്കിയ വിവരങ്ങളാണിവയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കണം. ഇതിനായി വിവിധ പഞ്ചായത്തുകളില്‍ പ്രത്യേക സംഘം രൂപീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. അസി. എന്‍ജിനീയര്‍, പഞ്ചായത്ത് സെക്രട്ടറി/അസി. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടുന്ന സംഘം ആഴ്ചതോറും ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അപകട സാധ്യത പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിനും ജിയോളജി വകുപ്പിനും റിപ്പോര്‍ട്ട് ചെയ്യണം. ആവശ്യമെങ്കില്‍ പൊലീസിന്റെ സേവനവും ഉണ്ടാകും. വനം വകുപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യണം. മറ്റ് സ്ഥലങ്ങളിലും അപകടസാധ്യത തോന്നുന്നവ, വിള്ളല്‍, അസാധാരണ വ്യത്യാസങ്ങള്‍ എന്നിവ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യണം. ദുരന്തസാധ്യതാ പ്രദേശങ്ങളുടെ താലൂക്ക്തലത്തിലുള്ള പട്ടിക തയാറാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

എല്ലാ രണ്ടാഴ്ചതോറും താലൂക്ക് ദുരന്തനിവരാണ അതോറിറ്റി യോഗം ചേര്‍ന്ന് അവലോകനം നടത്തണം. കാലവര്‍ഷം രൂക്ഷമായാല്‍ പൊതുജനങ്ങളെ പാര്‍പ്പിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ ഹോമുകളിലെ സൗകര്യങ്ങള്‍, വൈദ്യുതി/ കുടിവെള്ള ലഭ്യത, മറ്റ് അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ ഉറപ്പാക്കണം. കിണറുകള്‍ ഇടിയാനുള്ള സാധ്യത മുന്നില്‍ കണ്ട് തുറന്ന കിണറുകള്‍ക്ക് ചുറ്റും ഫെന്‍സിങ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. ജില്ലയില്‍ നിലവില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് പൊളിച്ച റോഡുകളില്‍ 10 ദിവസത്തിനകം പണി പൂര്‍ത്തിയാക്കും. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കും. പട്ടികജാതി/ പട്ടികവര്‍ഗ കോളനികള്‍, പ്രദേശങ്ങള്‍ എന്നിവ ബന്ധപ്പെട്ട പ്രൊമോട്ടര്‍മാര്‍ നിരീക്ഷിക്കും. മഴയുടെ തോത്, പ്രതിദിനം രേഖപ്പെടുത്തുന്ന അളവ് എന്നിവ ശാസ്ത്രീയമായി വിലയിരുത്തി വെള്ളപ്പൊക്ക സാധ്യത നിരീക്ഷിക്കും. ഇതര ജില്ലകളെ അപേക്ഷിച്ച് കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തൃശൂരില്‍ കുറവാണെന്നും യോഗം വിലയിരുത്തി. തൃശൂര്‍ ഡി.എഫ്.ഒ. രവികുമാര്‍ മീണ, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) ബി. അനില്‍കുമാര്‍, എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

'25 വര്‍ഷം നീണ്ട വ്യാജ ചികിത്സ': റോഷ്നി ക്ലിനിക്കിലെ 'ഡോക്ടര്‍' ഒടുവില്‍ പിടിയില്‍

YouTube video player