ഇടുക്കി : ആര്‍ത്തവ കാലത്ത് അശുദ്ധി കല്‍പ്പിച്ച് സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം ഇപ്പോഴും തുടരുന്നത് അപമാനകരമെന്ന് വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍. ചെമ്പക തൊഴുകുടി ആദിവാസി കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീജീവിതങ്ങളെ തളച്ചിടുന്ന സാഹചര്യങ്ങളാണ് കമ്മീഷൻ  ഇവിടെ കണ്ടതെന്നും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും, തൊഴിലും വരുമാനവും, ആരോഗ്യ പരിരക്ഷയും എല്ലാമുള്ള കോളനിയിൽ ആർത്തവ കാലത്ത് അശുദ്ധി കല്പിക്കപ്പെട്ട് മാറ്റി നിർത്തപ്പെടുന്ന സ്ത്രീ ജീവിതം ഈ നൂറ്റാണ്ടിലും തുടരുന്നത് അപമാനകരവും മാറ്റപ്പെടേണ്ടതുമാണന്ന് ഡോ. ഷാഹിദാ കമാൽ അഭിപ്രായപ്പെട്ടു.

ആർത്തവകാലത്ത് കോളനിയിലെ സ്ത്രീകളെ സ്വന്തം വീട്ടിൽ നിന്ന്‌ തൊട്ടടുത്തുള്ള ഒറ്റമുറിയിലേക്ക് മാറ്റും. ആർത്തവ കാലം കഴിഞ്ഞാലെ സ്വന്തം വീട്ടിൽ പ്രവേശനമുള്ളൂ. പ്രസവഘട്ടത്തിലും 21 ദിവസം അമ്മയും കുഞ്ഞും ഈ മുറിയിൽ കഴിയണം. ഭർത്താവിന് പോലും അവിടേക്ക് പ്രവേശനമില്ല. 

സ്ത്രീ പുരോഗമന കേരളത്തിൽ, നവോത്ഥാന മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും  സാക്ഷരതയിലും സ്ത്രീ സാക്ഷരതയിലും സാമൂഹ്യ ഭരണ രംഗത്തുമെല്ലാം മികച്ച നേട്ടം കൈവരിക്കുകയും  ചെയ്തിട്ടും സ്ത്രീയെ വെറും ഒരു ശരീരമായി മാത്രം ഒതുക്കി കാണുകയും ചെയ്യുന്ന മാനസികാവസ്ഥയിൽ മാറ്റം വരുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്നും ഷാഹിദാ കമാൽ പറഞ്ഞു

ഒന്നിലധികം സ്തീകൾക്ക് ഒരേ സമയം ആർത്തവുണ്ടാവുകയോ, പ്രസവിക്കുകയോ ചെയ്താൽ അവരെല്ലാവരും  ഒരുമിച്ച് ഈ ഒറ്റമുറിയിൽ തന്നെ താമസിക്കേണ്ടി വരുമെന്നത് ഏറെ പ്രയാസകരമാണ്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി സ്ത്രീകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കമ്മീഷൻ ഇടപെടുമെന്നും ഡോ. ഷാഹിദ കമാൽ അറിയിച്ചു.