നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവാണ് പൊതുവെ കുരങ്ങ് പനി പിടിപെടാന്‍ സാധ്യത കൂടുതലുള്ളത്.  ഇക്കാലയളവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരും വനത്തില്‍ പോകുന്നവരും അതീവ ജാഗ്രത പുലര്‍ത്തണം.

കല്‍പ്പറ്റ: പോയ വര്‍ഷങ്ങളില്‍ കൊവിഡ്-19 (Covid 19) പ്രതിരോധത്തിനിടെ വയനാട്ടിലെ ആരോഗ്യവകുപ്പിന് തലവേദനയായത് പ്രതീക്ഷിക്കാതെ എത്തിയ കുരങ്ങുപനി (kfd virus) വ്യാപനമായിരുന്നു. നിരവധി പേര്‍ക്ക് രോഗം പിടിപെടുകയും ഏതാനും പേര്‍ മരിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവം മുന്‍നിര്‍ത്തി ഇത്തവണ നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. മുന്‍വര്‍ഷങ്ങളില്‍ കൂടുതല്‍ കേസുകള്‍ നടന്ന തിരുനെല്ലി പഞ്ചായത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ അപ്പപ്പാറ ആരോഗ്യകേന്ദ്രത്തിന് കീഴില്‍ എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം.

കുരങ്ങുപനിയെ ഈ വിധത്തില്‍ പ്രതിരോധിക്കാം

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവാണ് പൊതുവെ കുരങ്ങ് പനി പിടിപെടാന്‍ സാധ്യത കൂടുതലുള്ളത്. ഇക്കാലയളവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരും വനത്തില്‍ പോകുന്നവരും അതീവ ജാഗ്രത പുലര്‍ത്തണം. കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി ആരോഗ്യ, വനം, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം.

ചത്തുകിടക്കുന്നതോ അല്ലാത്തതോ ആയ കുരങ്ങുകളുടെ അടുത്ത് ഒരു കാരണവശാലും സാധാരണക്കാര്‍ പോകരുത്. വനത്തില്‍ വിറകിനോ മറ്റു ആവശ്യങ്ങള്‍ക്കോ പോകുന്നവര്‍ ശരീരം പൂര്‍ണ്ണമായും മൂടുന്ന വസ്ത്രം ധരിക്കണം. ചെള്ള് കടിക്കാതിരിക്കാന്‍ ലേപനം പുരട്ടണം. വനത്തില്‍ മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കും ചെള്ള് കടിക്കാതിരിക്കാന്‍ ലേപനം പുരട്ടണം. വനമേഖലയുമായും കുരങ്ങുമായും സമ്പര്‍ക്കമുള്ളവര്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും രോഗ ലക്ഷണമുണ്ടെങ്കില്‍ സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.