കണ്ണൂർ അയ്യങ്കുന്നിലെ ഒരു വീട്ടിലെ അടുക്കള സ്ലാബിനടിയിൽ നിന്ന് ഭീമൻ രാജവെമ്പാലയെ കണ്ടെത്തി. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മാർക്ക് പ്രവർത്തകർ പാമ്പിനെ സാഹസികമായി പിടികൂടി.  

കണ്ണൂർ: ഭക്ഷണം അടച്ചു വെച്ച പാത്രം പോലും മാറ്റിവെച്ചിട്ടില്ല, പച്ചക്കറി അരിഞ്ഞതിന്റെ ബാക്കിയും പാത്രത്തിൽ തന്നെയുണ്ട്. വൈറലായ ഈ വീഡിയോയിൽ ഇതെല്ലാം വ്യക്തമായി കാണാം. കണ്ണൂരിലെ ഒരു വീട്ടിൽ അടുക്കള സ്ലാബിനടിയിൽ നിന്ന് അനക്കം കേട്ട് നോക്കിയ വീട്ടുകാർ ഭയന്നുപോയി. കണ്ണൂർ അയ്യങ്കുന്ന് മുടിക്കയത്ത് കുറ്റിയാടിക്കൽ സണ്ണിയുടെ വീട്ടിലായിരുന്നു സംഭവം. അനക്കം കേട്ട് നോക്കിയപ്പോൾ വീട്ടുകാർ കണ്ടത് ഒരു ഭീമൻ രാജവെമ്പാലയെ ആയിരുന്നു.

വീടിൻ്റെ അടുക്കളയിലെ സ്ലാബിനടിയിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. ആദ്യം അമ്പരന്നെങ്കിലും വീട്ടുകാർ മാർക്ക് പ്രവർത്തകരെ വിവരമറിയിച്ചു. മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോട്, ശശിധരൻ വെളിയമ്പ്ര എന്നിവർ സ്ഥലത്തെത്തി രാജവെമ്പാലയെ സാഹസികമായി പിടികൂടി. പാമ്പിനെ സുരക്ഷിതമായി പിടികൂടി വനത്തിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. അടുക്കളയിൽ നിന്ന് രാജവെമ്പാലയെ കണ്ടെത്തിയത് വീട്ടുകാരെയും പ്രദേശവാസികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

View post on Instagram