എറണാകുളം ജില്ലയിലെ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി തൂണുകളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയ്ക്ക് എംഎൽഎ പി വി ശ്രീനിജൻ തടസം നിൽക്കുന്നുവെന്നാണ് ട്വന്‍റി ട്വന്‍റിയുടെ ആരോപണം
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ട്വന്‍റി- ട്വന്‍റിയും എംഎൽഎയും തമ്മിലുള്ള പോര് കനക്കുന്നു. സ്ട്രീറ്റ് ലൈറ്റ് പദ്ധതി നടപ്പാക്കാൻ എംഎൽഎ തടസം നിൽക്കുന്നുവെന്നാരോപിച്ച് വിളക്കണച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് ട്വന്‍റി ട്വന്‍റി. എന്നാൽ പദ്ധതിയിൽ അഴിമതിയുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജൻ ആവശ്യപ്പെട്ടു.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി തൂണുകളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയ്ക്ക് എംഎൽഎ പി വി ശ്രീനിജൻ തടസം നിൽക്കുന്നുവെന്നാണ് ട്വന്‍റി ട്വന്‍റിയുടെ ആരോപണം. ഒരു സ്ട്രീറ്റ് ലൈറ്റിന് 2,500 രൂപയാണ് ചെലവ്. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിലൂടെ നാട്ടുകാരിൽ നിന്ന് കൂടി പണം സമാഹരിച്ചാണ് പദ്ധതി. ഇതനുസരിച്ച് വഴിവിളക്കുകൾ സ്ഥാപിക്കാൻ തുടങ്ങിയതോടെ കേസുകളും, ഉദ്യോഗസ്ഥർക്ക് ഭീഷണിയും പദ്ധതിയ്ക്ക് വിലക്കുമുണ്ടായി. ട്വന്‍റി ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ എംഎൽഎ തടയുന്നുവെന്നാണ് ആരോപണം.
എന്നാൽ പദ്ധതിയ്ക്ക് എതിരല്ലെന്നും കെഎസ്ഇബിയുടെ അനുമതിയില്ലാത്ത പദ്ധതിയ്ക്ക് സ്വകാര്യ സംഘടനയുടെ പേരിൽ പണം പിരിക്കുന്നത് നിയമവിരുദ്ധമാണെന്നും എംഎൽഎ പിവി ശ്രീനിജൻ പ്രതികരിച്ചു.
