കൊച്ചി: ലോക്ക് ഡൗണില്‍ എല്ലാ വഴികളുമടഞ്ഞ് തെരുവിൽ കഴിഞ്ഞിരുന്നവർക്ക് അഭയം നൽകുകയാണ് കൊച്ചി നഗരസഭ.  തിരക്കേറിയ ട്രാഫിക് സിഗ്നലുകളിൽ ഭിക്ഷയാചിച്ച് എത്തിയിരുന്നവരും തെരുവുകളിൽ കഴിഞ്ഞിരുന്നവരുമെല്ലാം ലോക്ക് ഡൗണില്‍ നഗരത്തിൽ നിന്ന് അപ്രത്യക്ഷമായി. ഭിക്ഷാടകർക്കും തെരുവിൽ അലയുന്നവർക്കുമായി രണ്ട് ക്യാമ്പുകളാണ് നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.

ഇപ്പോൾ അവരിൽ 360 ല്‍ ഏറെപ്പേര്‍ ഉള്ളത് നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർവി സ്കൂളിലെയും ഗേൾസ് ഹൈ സ്കൂളിലെയും ക്യാമ്പുകളിലാണ്. ഭക്ഷണവും മരുന്നുമുൾപ്പെടെയുള്ളവ നൽകി നഗരസഭ ഇവരുടെ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകാത്തവർക്ക് നഗരസഭ ഭക്ഷണമെത്തിക്കുന്നുണ്ട്. 

എന്നാൽ സുരക്ഷ മുൻനിർത്തി ഇവരെയും ക്യാമ്പുകളിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും മേയർ പറ‌ഞ്ഞു. ഇതിനായി മഹാരാജാസ് കോളേജിൽ പുതിയ ക്യാമ്പ് വരും ദിവസങ്ങളിൽ തുറക്കും. തെരുവുകളിൽ കഴിയുന്നവർക്ക് സ്ഥിരമായ വാസസ്ഥലമൊരുക്കാൻ നഗരസഭ ഇടക്കൊച്ചിയിൽ സ്ഥലം കണ്ടെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം മൂലം മുന്നോട്ടുകൊണ്ടുപോകാനായിരുന്നില്ല.