Asianet News MalayalamAsianet News Malayalam

Kochi Corporation|ഇടത് കോട്ട പിടിച്ച് ഭരണത്തെ ഇളക്കാൻ യുഡിഎഫ്, കരുത്ത് കാണിക്കാൻ എൽഡിഎഫ്; കൊച്ചിയിൽ വൻ പോര്

കെഎസ്ആർടിസി സ്റ്റാൻഡും കമ്മട്ടിപ്പാടവും ഉൾപ്പെടുന്ന കൊച്ചി നഗരത്തിലെ ഹൃദയഭാഗത്താണ് 63-ാം വാർഡ് ഉള്ളത്. മൂന്നര പതിറ്റാണ്ടായി എൽഡിഎഫിന്‍റെ കുത്തക വാർഡ് ആണ് ഇത്. സിഐടിയു നേതാവും മുൻ കൗൺസിലറുമായിരുന്ന കെ കെ ശിവൻ കഴിഞ്ഞ മെയിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

kochi corporation ward 63 byelection campaign
Author
Kochi, First Published Nov 20, 2021, 2:49 PM IST

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊച്ചി കോർപ്പറേഷനിലെ (Kochi Corporation) ഗാന്ധി നഗറിൽ (Gandhinagar) പ്രചാരണം ശക്തമാക്കി മുന്നണികൾ. കൊവിഡ് ബാധിച്ച് മുൻ കൗൺസിലർ മരിച്ചതിനെ തുടർന്നാണ് 63-ാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോർപ്പേറഷനിൽ നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാൽ ഭരണ-പ്രതിപക്ഷങ്ങൾക്ക് തെരഞ്ഞെടുപ്പ് നിർണായകമാണ്. ഡിസംബർ ഏഴിനാണ് വോട്ടെടുപ്പ്. കെഎസ്ആർടിസി സ്റ്റാൻഡും കമ്മട്ടിപ്പാടവും ഉൾപ്പെടുന്ന കൊച്ചി നഗരത്തിലെ ഹൃദയഭാഗത്താണ് 63-ാം വാർഡ് ഉള്ളത്.

മൂന്നര പതിറ്റാണ്ടായി എൽഡിഎഫിന്‍റെ കുത്തക വാർഡ് ആണ് ഇത്. സിഐടിയു നേതാവും മുൻ കൗൺസിലറുമായിരുന്ന കെ കെ ശിവൻ കഴിഞ്ഞ മെയിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശിവന്‍റെ ഭാര്യ ബിന്ദു ശിവനാണ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 115 വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട പി ഡി മാർട്ടിൻ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർത്ഥി.

കഴിഞ്ഞ തെരഞ്ഞെ‌ടുപ്പിൽ 379 വോട്ട് കിട്ടിയിടത്ത് നിന്ന് വോട്ടുവിഹിതം പരാമവധി ഉയർത്താൻ എൻഡിഎയും പരിശ്രമിക്കുന്നു. 74 അംഗ കൊച്ചി കോർപ്പറേഷനിൽ സ്വതന്ത്രരുടെ പിന്തുണയോടെ നാല് സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഭരണം. 63-ാം വാർഡിലും ഉടൻ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എറണാകുളം സൗത്തിലെയും ഫലം ഭരണം നിശ്ചയിക്കുമെന്നതിനാൽ മികച്ച ജയം മാത്രം ലക്ഷ്യമിട്ടാണ് ഗാന്ധിനഗറിൽ മുന്നണികളുടെ പ്രചാരണം.

അതേസമയം, കഴിഞ്ഞ ദിവസം  കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയതിന്റെ ആശ്വാസത്തിലാണ് യുഡിഎഫ്. അംഗങ്ങളുടെ എണ്ണം തുല്യമായതിനാൽ എൽഡിഎഫിനും യുഡിഎഫിനും കിട്ടുന്ന വോട്ടുകളും തുല്യമാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായ സിപിഎം കൗൺസിലർ മനോജ് വോട്ടെടുപ്പിന് ഹാജരാവാതിരുന്നതോടെ യുഡിഎഫ് സ്ഥാനാർത്ഥി ബിൻസി സെബാസ്റ്റ്യൻ്റെ അപ്രതീക്ഷിത വിജയത്തിന് വഴി തുറക്കുകയായിരുന്നു.

യുഡിഎഫ് പ്രതീക്ഷിച്ച പോലെ 22 വോട്ടുകൾ സ്ഥാനാർത്ഥി ബിൻസി സെബാസ്റ്റ്യന് ലഭിച്ചു. പല നാടകീയ നീക്കങ്ങളും പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും എൽഡിഎഫ് കൗൺസില‍ർ മനോജിൻ്റെ ആരോ​ഗ്യനില മോശമായത് കാര്യങ്ങൾ മാറ്റിമറിച്ചു. ആശുപത്രിയിൽ തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെ മനോജിന് ആശുപത്രിയിൽ വിടാനുമായില്ല.

ഇതോടെയാണ് വോട്ടെടുപ്പിൽ യുഡിഎഫിന് 22ഉം എൽഡിഎഫിന് 21ഉം വോട്ടുകൾ കിട്ടി. ആദ്യ ഘട്ടത്തിൽ എട്ട് വോട്ട് കിട്ടിയ ബിജെപി സ്ഥാനാർത്ഥിയെ മാറ്റി നിർത്തി നടത്തിയ രണ്ടാം ഘട്ടവോട്ടെടുപ്പിലാണ് യുഡിഎഫിന് വിജയം ഉറപ്പാക്കിയത്. ഇതോടെ ഇരാറ്റുപ്പേട്ടയ്ക്ക് പിന്നാലെ കോട്ടയത്തും നഷ്ടമായ ഭരണം യുഡിഎഫ് തിരികെ പിടിച്ചെടുത്തു. അതുകൊണ്ട് തന്നെ സ്വന്തം കോട്ട കാത്ത് ഭരണം കൂടുതൽ കരുത്തോടെ നിലനിർത്താൻ ഉറച്ചാണ് എൽഡിഎഫ് പ്രചാരണം മുന്നോട്ട് പോകുന്നത്. 

Follow Us:
Download App:
  • android
  • ios