ബിഗ് ബോസ് മലയാളം സീസണ്‍ 7 ഗ്രാന്‍ഡ് ഫിനാലെ വേദിയിൽ മത്സരാർത്ഥികളായിരുന്ന ആദിലയെയും നൂറയെയും അക്കാര്യം ഓര്‍മ്മിപ്പിച്ച് മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ശ്രദ്ധേയ മത്സരാര്‍ഥികളാണ് ആദിലയും നൂറയും. ലെസ്ബിയന്‍ കപ്പിള്‍ ആയ ഇരുവരും ഒറ്റ മത്സരാര്‍ഥിയായാണ് ഹൗസിലേക്ക് ആദ്യ ദിനം എത്തിയതെങ്കില്‍ പിന്നീട് ഇരുവരെയും ബിഗ് ബോസ് രണ്ട് മത്സരാര്‍ഥികള്‍ ആക്കി. ഇരുവരും മികച്ച രീതിയില്‍ കളിച്ച് മുന്നേറി ആദില ഫൈനല്‍ സെവനിലും നൂറ ഫൈനല്‍ സിക്സിലും എത്തി. അവസാന ആഴ്ചയിലെ സംഭവവികാസങ്ങളാണ് ഇരുവരുടെയും ഫൈനല്‍ ഫൈവ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. എന്നിരുന്നാലും ഇത്ര ദിവസം ഹൗസില്‍ നില്‍ക്കാന്‍ സാധിച്ചത് ഇവരെ സംബന്ധിച്ച് വലിയ വിജയമാണ്. ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ ഷോയ്ക്കിടെ മുന്‍പ് താന്‍ കൊടുത്ത വാക്ക് ഇരുവരെയും മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു.

മിഡ് വീക്ക് എവിക്ഷനിലൂടെയാണ് പുറത്തായത് എന്നതിനാല്‍ ആദിലയെയും നൂറയെയും മോഹന്‍ലാല്‍ ഇന്ന് വേദിയിലേക്ക് വിളിപ്പിച്ചു. ഇരുവരോടും സംസാരിച്ച് അവരുടെ ഹൗസിലെ ജീവിതം ക്രോഡീകരിക്കുന്ന വീഡിയോകളും ബിഗ് ബോസ് പ്ലേ ചെയ്തു. പിന്നീടാണ് മോഹന്‍ലാല്‍ ഇരുവരെയും താന്‍ മുന്‍പ് നല്‍കിയ വാക്ക് ഓര്‍മ്മിപ്പിച്ചത്. താന്‍ മുന്‍പ് ഒരു വാക്ക് നല്‍കിയ കാര്യം ഓര്‍മ്മയുണ്ടോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. ആദിലയെയും നൂറയെയും തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുന്നുവെന്നാണ് മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞത്. അത് ഓര്‍ത്തെടുത്ത ആദിലയോടും നൂറയോടും രണ്ട് കൂട്ടര്‍ക്കും സൗകര്യപ്രദമായ ഒരു സമയത്ത് വീട്ടിലേക്ക് ക്ഷണിക്കാം എന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കി. കൈയടികളോടെയാണ് സദസ്സ് ഈ വാക്കുകളെ സ്വീകരിച്ചത്.

ആദിലയെയും നൂറയെയും താന്‍ വീട്ടില്‍ കയറ്റില്ല എന്ന് മറ്റൊരു മത്സരാര്‍ഥിയായ ലക്ഷ്മി മുന്‍പ് പറഞ്ഞിരുന്നു. ആ വാരാന്ത്യ എപ്പിസോഡിലാണ് മോഹന്‍ലാല്‍ ഇരുവരെയും തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ വാക്കുകള്‍ ആയിരുന്നു അത്. അതേസമയം അനീഷ്, അക്ബര്‍, ഷാനവാസ്, നെവിന്‍, അനുമോള്‍ എന്നിവരാണ് ഇത്തവണത്തെ ഫൈനല്‍ 5. ഇവരില്‍ അന്തിമ വിജയി ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും മത്സരാര്‍ഥികളും. 98 ദിനങ്ങള്‍ നീണ്ടുനിന്ന മത്സരങ്ങള്‍ക്കാണ് ​ഗ്രാന്‍ഡ് ഫിനാലെയോടെ ഇന്ന് അവസാനം കുറിക്കുന്നത്. ഏഴിന്‍റെ പണി എന്ന ടാ​ഗ് ലൈനോടെ ആരംഭിച്ച സീസണ്‍ ഒട്ടേറെ പ്രത്യേകതകളോടെയാണ് പ്രക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്