ജോലി ആവശ്യത്തിനായി ഇയാൾ ബെംഗളൂരുവിൽ സ്ഥിരമായി പോകാറുണ്ടെന്നും അവിടെ നിന്ന് ലഹരി വാങ്ങി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയയായിരുന്നു ലക്ഷ്യമെന്നും ഡാൻസാഫ് സംഘം വ്യക്തമാക്കി
കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ 105 ഗ്രാം എം ഡി എം എയുമായി യുവാവ് ഡാൻസാഫിന്‍റെ പിടിയിൽ. തൃശ്ശൂർ സ്വദേശി നിധിൻ കെ എസ് ആണ് പിടിയിലായത്. ചേരാനെല്ലൂർ ജംഗ്ഷന് സമീപത്തു നിന്നാണ് ഡാൻസാഫ് സംഘം നിധിനെ പിടികൂടിയത്. കാക്കനാട് വള്ളത്തോൾ പടിയിൽ സാക്സ് സോല്യൂഷൻസ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാൾ. സി സി ടി വി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു നൽകുന്ന സ്ഥാപനം ആണിത്. ജോലി ആവശ്യത്തിനായി ഇയാൾ ബെംഗളൂരുവിൽ സ്ഥിരമായി പോകാറുണ്ടെന്നും അവിടെ നിന്ന് ലഹരി വാങ്ങി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയയായിരുന്നു ലക്ഷ്യമെന്നും ഡാൻസാഫ് സംഘം വ്യക്തമാക്കി.
മലപ്പുറത്തും എംഡിഎംഎ പിടികൂടി
അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ നിന്ന് എം ഡി എം എയുമായി യുവാവ് പിടിയിലായി എന്നതാണ്. മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കൽ ഹസ്‌കർ (37) ആണ് എം ഡി എം എയുമായി പിടിയിലായത്. ഇയാളിൽ നിന്ന് 2.58 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതി ഹസ്‌കറിനെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ഡി വൈ എസ് പി പി പ്രമോദിന്റെ നിർദേശപ്രകാരമാണ് താനൂർ പൊലീസ് സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ പരിശോധനക്ക് എത്തിയത്. താനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ടി ബിജിത്ത്, എസ് ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍ കെ ടി ബിജിത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. എ എസ് ഐ നിഷ, സി പി ഒമാരായ അനീഷ്, അനില്‍ കുമാര്‍, മുസ്തഫ, ബിജോയ്, പ്രബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ദമാമിൽ നിന്നെത്തിച്ച എംഡിഎംഎയും പിടികൂടി
കഴിഞ്ഞ ദിവസം കരിപ്പൂരിലും വൻ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 1 കിലോയോളം എം ഡി എം എയുമായി യാത്രക്കാരനാണ് പിടിയിലിയത്. ഡാൻസാഫും കരിപ്പൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്ന് പിടികൂടിയത്. ദമാമിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ തൃശൂർ കൊരട്ടി സ്വദേശി ലിജീഷിനെയാണ് പിടികൂടിയത്. പെട്ടിയിൽ 21 പാക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എം ഡി എം എയാണ് വിമാനതാവളത്തിന് പുറത്ത് വച്ച് പിടികൂടിയത്.



