ഈ പാർക്കിൽ കായലോരത്തെ ഇരിപ്പിടത്തിന് തണൽ നൽകിയിരുന്ന അക്കേഷ്യ മരങ്ങൾ മുറിച്ച് നീക്കുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം
കൊച്ചി: എറണാകുളം സുഭാഷ് പാർക്കിലെ തണൽമരം മുറിച്ച് മാറ്റുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. പാർക്കിലെ 15 അക്കേഷ്യ മരങ്ങളാണ് മുറിച്ച് മാറ്റാൻ കോർപ്പറേഷൻ തീരുമാനിച്ചത്. അക്കേഷ്യ മരത്തിന്‍റെ പൂവ് അലർജി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൊച്ചി നഗരത്തിന് നടുക്കുള്ള പച്ചത്തണൽത്തുരുത്താണ് സുഭാഷ് പാർക്ക്. പ്രഭാത നടത്തക്കാരും കുട്ടികളും അടക്കമുള്ള നിരവധി പേർ ഒത്തുകൂടുന്നയിടമാണിത്.
ഈ പാർക്കിൽ കായലോരത്തെ ഇരിപ്പിടത്തിന് തണൽ നൽകിയിരുന്ന അക്കേഷ്യ മരങ്ങൾ മുറിച്ച് നീക്കുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം. നിലവിൽ മൂന്ന് മരങ്ങൾ മുറിച്ച് നീക്കി. ഇനി പത്തെണ്ണംകൂടി മുറിച്ച് നീക്കാനാണ് തീരുമാനം. എന്നാൽ മരം മുറിക്കുന്നത് പാർക്കിലെത്തുന്ന പ്രായമായവരുടെ ആരോഗ്യംകൂടി കണക്കിലെടുത്താണെന്നാണ് കോർപ്പറേഷൻ നിലപാട്.
അക്കേഷ്യ മരങ്ങളുടെ പൂവടക്കം അലർജിയും ശ്വാസം മുട്ടും ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് പരാതിയുണ്ട്. അതിനാൽ അത് മുറിച്ച് നീക്കി പുതിയ മരം വച്ച്പിടിപ്പിക്കുമെന്നും കോർപ്പേറേൻ അധികൃതർ വിശദീകരിക്കുന്നു. എന്നാൽ തൊട്ടപ്പുറത്ത് ബോട്ട് ജെട്ടിയിലടക്കം നിരവധി അക്കേഷ്യ മരങ്ങൾ നിൽക്കുന്നുണ്ടെന്നും അക്കേഷ്യ പൂവ് അലർജിയുണ്ടാക്കുന്നുണ്ടോ എന്നറിയാൻ ശാസ്ത്രീയ പഠനമൊന്നും നടത്താതെയാണ് തിരക്കിട്ട മരംമുറിയെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
'ജനിച്ചത് നല്ല കുടുംബത്തിൽ'; മയക്കുമരുന്ന് കേസിൽ പ്രതിയായ 22കാരിയെ വെറുതെ വിട്ട് കോടതി
