മഹാനവമി, വിജയദശമി ദിനങ്ങളിൽ കൊച്ചി വാട്ടർ മെട്രോയിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. ഒക്ടോബർ 20-ന് മാത്രം 15,507 പേരാണ് ഇതിൽ യാത്ര ചെയ്തത്. സുരക്ഷിതവും വേഗത്തിലുമുള്ള യാത്രയ്ക്കായി ഇതുവരെ 79 ലക്ഷത്തിലധികം ആളുകൾ വാട്ടർ മെട്രോ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: കേരളത്തിന്റെ യാത്രാസംസ്കാരത്തിൽ വേറിട്ട കാഴ്ച്ചയാകുന്ന കൊച്ചി വാട്ടർ മെട്രോയ്ക്ക് മഹാനവമി ദിവസം അഭിമാനാർഹമായ നേട്ടം. ഒക്ടോബർ 20-ാം തീയതി മാത്രം വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് 15,507 പേർ. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഹൈക്കോർട്ട്- ഫോർട്ട്കൊച്ചി റൂട്ടിലാണ്. ഒക്ടോബർ 21 വിജയദശമി ദിനം 11,074 പേരും യാത്ര ചെയ്തു.
വാട്ടർ മെട്രോയുടെ ചരിത്രത്തിൽ ഇതിന് മുൻപ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സീസണിലാണ്. 2025 ഡിസംബർ 28 ന് 17,050 പേരാണ് വാട്ടർ മെട്രോ ഉപയോഗപ്പെടുത്തിയത്. ഇതാണ് ഇതുവരെയുളളതിൽ ഒരു ദിവസത്തെ റെക്കോർഡ് റൈഡർ ഷിപ്പ്. 2023 ഡിസംബർ 31 ന് 16,162 പേരും 2025 ഡിസംബർ 27 ന് 15,518 പേരും യാത്ര ചെയ്തു. അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഈ പൂജ അവധിക്കാണ്.
2023 ഏപ്രിലിൽ വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് ഇതുവരെ 79,29,051 പേരാണ് യാത്ര ചെയ്തത്. നാട്ടുകാരുടെയും സഞ്ചാരികളുടെയും യാത്രാശീലങ്ങളിൽ വാട്ടർ മെട്രോ എത്രമാത്രം വേഗത്തിൽ ഇടംനേടി എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വർധിച്ച റൈഡർഷിപ്പ്. കൊച്ചിയുടെ കായലോര ഭംഗി ആസ്വദിച്ചു സുരക്ഷിതമായും വേഗത്തിലും ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്ന വാട്ടർ മെട്രോയിലേക്കു കൂടുതൽ ആളുകൾ എത്തിച്ചേരുന്നതു നഗരഗതാഗത രംഗത്തെ വലിയൊരു മുന്നേറ്റമായാണു വിലയിരുത്തപ്പെടുന്നത്.


