Asianet News MalayalamAsianet News Malayalam

Kodakara hawala case|കൊടകര കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; കാരണം പൊലീസ് പീഡനമെന്ന് മൊഴി

പൊലീസ് ക്രൂരമായി മർദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസീക സമ്മർദത്തിലാക്കി പീഡിപ്പിക്കുന്നതായും എഡ്വിൻ ഡോക്ടർമാർക്കും പൊലീസിനും മൊഴി നൽകിയിട്ടുള്ളത്. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് കൊടകര കുഴൽപ്പണ കേസ്. 

Kodakara hawala case accused suicide attempt statement agaisnt police
Author
Thrissur, First Published Nov 20, 2021, 7:30 AM IST

തൃശൂർ: കൊടകര കുഴൽപ്പണ ( Kodakara hawala case) കവർച്ചാ (Theft) കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു (Suicide Attempt). വെള്ളാങ്ങല്ലൂർ തേക്കാനത്ത് എഡ്വിനാണ് അമിതമായി ഉറക്കഗുളിക (Sleeping Pills) കഴിച്ച നിലയിൽ മെഡിക്കൽ കോളേജ് (Medical College Hospital) ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കൊടകര കേസിലെ 19-ാം പ്രതിയാണ് ഇയാൾ. പൊലീസ് ക്രൂരമായി മർദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസീക സമ്മർദത്തിലാക്കി പീഡിപ്പിക്കുന്നതായും എഡ്വിൻ ഡോക്ടർമാർക്കും പൊലീസിനും മൊഴി നൽകിയിട്ടുള്ളത്. മൂന്ന് തവണ എഡ്വിനെ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. കവർച്ചാ മുതലിൽ തനിക്ക് ലഭിച്ച വിഹിതം മുഴുവൻ പൊലീസ് പിടികൂടി കൊണ്ടുപോയെന്നും ബാക്കിയൊന്നും കയ്യിലില്ലെന്നുമാണ് എഡ്വിൻ അന്വേഷണ സംഘത്തിനോടും വീട്ടുകാരോടും പറഞ്ഞിട്ടുള്ളത്. അതേസമയം, മർദിച്ചെന്ന ആരോപണം അന്വേഷണ സംഘം നിഷേധിച്ചു.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് കൊടകര കുഴൽപ്പണ കേസ്. ഏപ്രിൽ മൂന്നിന്  കൊടകര ദേശീയ പാതയിൽ വെച്ച് കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുക്കുകയായിരുന്നു. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. 22 പ്രതികളാണ് കേസിലുള്ളത്. ഇതിൽ 21 പേർക്കും ജാമ്യം ലഭിച്ചിരുന്നു. കേസിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ സാക്ഷികളാണ്.

ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്നത് അടക്കം അന്വേഷണ പരിധിയിൽ വരുന്ന കേസാണിത്. കർണാടകത്തിൽ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവർച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരൻ ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്. പിന്നീട് ധർമ്മരാജൻ ഇത് തന്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് സാധിച്ചിരുന്നില്ല.

ഏറ്റവുമൊടുവിൽ കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിൽ ഒന്നര ലക്ഷത്തോളം രൂപ കൂടി കഴിഞ്ഞ മാസം ആദ്യം കണ്ടെടുത്തിരുന്നു. പ്രതികളിൽ രഞ്ജിത്തിന്റെ സുഹൃത്ത് ഷിൻ്റോയുടെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് 1 40,000 രൂപ കഴിഞ്ഞ മാസം ആറിന് കണ്ടെടുത്തത്.  മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയായ ദീപ്തിയുടെ മൊഴി പ്രകാരമാണ്  ഇവിടെ പരിശോധന നടത്തിയത്. മൂന്നര കോടി കവർന്ന കേസിൽ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപ മാത്രമാണ്. ബാക്കി കവർച്ചാ പണം കണ്ടെത്താനാണ് കുറ്റപത്രം സമർപ്പിച്ച ശേഷം കേസിൽ തുടർ അന്വേഷണം തുടങ്ങിയത്.

Follow Us:
Download App:
  • android
  • ios