തിയേറ്റർ സൊസൈറ്റിയുടെ പ്രഥമ നാടകം  'ഹിമക്കരടി' വേദിയിൽ അരങ്ങേറി.

കൊടുങ്ങല്ലൂർ: തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ തിയേറ്റർ സൊസൈറ്റി പ്രശസ്ത ചലച്ചിത്രകാരൻ ടി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എറിയാട് എംഎഎല്‍സി ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി മുഖ്യ അഥിതിയായിരുന്നു. യുവ സംവിധായകരായ ഷാനവാസ്‌ കെ ബാവക്കുട്ടി (കിസ്മത്ത്, തൊട്ടപ്പൻ ) ടിനു പാപ്പച്ചൻ (സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ, അജഗജാന്തരം ) തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. എറിയാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ പി രാജൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുഗത ശശിധരൻ, വാർഡ് മെമ്പർ സ്നേഹലത ടീച്ചർ, പ്രസന്നകുമാർ, വി എസ് അനീഷ്, നൗഷാദ് സലാഹുദ്ധീൻ, നൗഷാദ് സാഗ എന്നിവര്‍ സംസാരിച്ചു. പിന്നീട് പിഎസ് റഫീഖ് രചനയും, സംവിധാനവും നിർവഹിച്ച കൊടുങ്ങല്ലൂർ തിയേറ്റർ സൊസൈറ്റിയുടെ പ്രഥമ നാടകം 'ഹിമക്കരടി' വേദിയിൽ അരങ്ങേറി.


ഒന്നര വര്‍ഷം മുമ്പ് കിഫ്ബി ഫണ്ടില്‍ നിര്‍മിച്ച സ്കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് മുമ്പ് പൊളിക്കുന്നു; പണിതത് 3.75 കോടി മുടക്കി


തൃശ്ശൂര്‍: തൃശ്ശൂര്‍ (Thrissur) ചെമ്പൂച്ചിറയില്‍ കിഫ്ബി (KIIFB) ഫണ്ട് ഉപയോഗിച്ച് ഒന്നരവര്‍ഷം മുമ്പ് പണിത സ്കൂൾ പൊളിക്കുന്നു. കെട്ടിടത്തിന്‍റെ ബലക്ഷയത്തെ തുടര്‍ന്നാണ് കെട്ടിടത്തിന്‍റെ രണ്ടാം നില പൂര്‍ണ്ണമായി പൊളിച്ചു നീക്കുന്നത്. നിർമ്മാണത്തിലെ ക്രമക്കേട് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടു വന്നത്. മുൻ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്‍റെ പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച് ഉദ്ഘാടനത്തിന് തയ്യാറായിരുന്ന സ്‌കൂൾ കെട്ടിടമാണിത്. 

ഒന്നുതൊട്ടാല്‍ കയ്യില്‍ അടര്‍ന്നുവരുന്ന ചുമരുകളും ബീമുകളും ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നതോടെ സര്‍ക്കാര്‍ പ്രാഥമിക പരിശോധന നടത്തി. ബലക്ഷയമില്ലെന്നും പ്ലാസ്റ്ററിംഗില്‍ മാത്രമാണ് പോരായ്മയെന്നുമായിരുന്നു അന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. ഇടയ്ക്ക് പെയ്ത മഴയില്‍ പുത്തൻ കെട്ടിടത്തിലെ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കാൻ തുടങ്ങിയതോടെ രക്ഷിതാക്കള്‍ വിജിലൻസിനെ സമീപിച്ചു. തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു പണിയാൻ തീരുമാനമായത്. 

രണ്ടാം നിലയുടെ മേല്‍ക്കൂര പൂര്‍ണ്ണമായി പൊളിച്ചു നീക്കി. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കിഫ്ബി പദ്ധതിയില്‍ സ്കൂള്‍ കെട്ടിടങ്ങളുടെ നവീകരണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. നിര്‍മ്മാണത്തിലെ ക്രമക്കേട് മൂലം സര്‍ക്കാറിന് സംഭവിച്ചിരിക്കുന്നത് കോടികളുടെ നഷ്ടമാണ്. അതോടൊപ്പം ഇത്തരം നിര്‍മ്മാണങ്ങളുടെ വിശ്വാസ്യത കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുളള ക്രമക്കേട് നടത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.