കുരങ്ങു ശല്യത്തിൽ നിന്നും രക്ഷനേടാൻ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് കർഷകർ

കൊല്ലം: തെന്മല ആര്യങ്കാവ് മേഖലയിൽ കുരങ്ങു ശല്യം രൂക്ഷം. കുരങ്ങുകൾ പ്രദേശത്തെ കൃഷി വ്യാപകമായി നശിപ്പിക്കുന്നതായാണ് കര്‍ഷകരുടെ പരാതി. കുരങ്ങു ശല്യം വൻ തോതിൽ കൂടിയിട്ടും വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും സ്ഥലത്തെ കര്‍ഷകർ പരാതി ഉന്നയിക്കുന്നു.

ഒറ്റക്കൽ സ്വദേശി ജോസഫിന്റെ മാങ്ങകളാണ് കുരങ്ങന്മാരുടെ തീറ്റ. ജോസഫ് തന്റെ കൃഷിയിടത്തിൽ നിന്ന് പഴുത്തു വീണ മാങ്ങകളല്ല പെറുക്കുന്നത്. കുരങ്ങുകൾ കടിച്ചിട്ട പച്ചമാങ്ങകളാണ്. നല്ല വിളയുണ്ടായിരുന്നത് കൊണ്ട് മാങ്ങകൾ കച്ചവടക്കാർക്ക് മൊത്തമായി നൽകാനുള്ള ഒരുക്കത്തിലായിരുന്നു ജോസഫ്. എന്നാൽ കുരങ്ങന്മാർ ഈ നീക്കം അസ്ഥാനത്താക്കി. ഓരോ ദിവസവും കുരങ്ങുകൾ നൂറ് കണക്കിന് മാങ്ങകളാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കുരങ്ങു ശല്യത്തിൽ നിന്നും രക്ഷനേടാൻ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഈ റിട്ടയേഡ് വനം വകുപ്പ് ജീവനക്കാരൻ. ജോസഫിനെ പോലെ നിരവധി പേരാണ് ഈ മേഖലയിലുള്ളത്.

അതേസമയം പ്രദേശത്ത് ചിലർ മാവുകളിൽ വല കെട്ടി സംരക്ഷിക്കുന്നുണ്ട്. എന്നാലിതിന് ഭാരിച്ച ചെലവാണ്. അതിനാൽ തന്നെ ഭൂരിഭാഗം പേർക്കും ഈ വഴി കുരങ്ങന്മാരെ നേരിടാൻ കഴിയുന്നില്ലെന്ന് കർഷകയായ അമ്പിളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുരങ്ങ് ശല്യത്തെ കുറിച്ച് വനം വകുപ്പിനോട് പരാതി പറഞ്ഞു മടുത്തെന്നാണ് കര്‍ഷകർ പറയുന്നത്. കുരങ്ങന്മാർ വിള തിന്നുന്നത് തടയാൻ യാതൊന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ് വനം വകുപ്പ്.

YouTube video player