പാലക്കാട് കാർ ഓവർടേക്ക് ചെയ്തതിൻ്റെ പേരിൽ പെട്ടി ഓട്ടോ ഡ്രൈവറെ രണ്ട് യുവാക്കൾ ചേർന്ന് ക്രൂരമായി മർദിച്ചു. സംഭവത്തിൽ ഞാങ്ങാട്ടിരി സ്വദേശി അലൻ അഭിലാഷ്, മേഴത്തൂർ സ്വദേശി അജ്മൽ എന്നിവരെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. 

പാലക്കാട്: കാർ ഓവർടേക്ക് ചെയ്തത് പ്രകോപനമായതിനെത്തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം. പാലക്കാട് കൂറ്റനാട് സ്വദേശിയാണ് അതിക്രൂര മർദനത്തിനിരയായത്. സംഭവത്തിൽ പിടിയിലായ പ്രതികളിലൊരാൾ എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ്. സംഭവം നടന്നതിങ്ങനെ...പാൽ വിതരണക്കാരനാണ് കൂറ്റനാട് സ്വദേശി ബെന്നി. പതിവു പോലെ ബുധനാഴ്ച പാൽ സൊസൈറ്റിയിലെത്തിച്ച് മടങ്ങും വഴിയായിരുന്നു സംഭവം. കൂറ്റനാട് സെൻററിൽ സ്വകാര്യ ആശുപത്രിക്ക് മുന്നിലെത്തിയപ്പോഴാണ് ബെന്നിയുടെ പെട്ടി ഓട്ടോയ്ക്ക് മുന്നിൽ കാർ വട്ടം വെച്ചത്. സഡൻ ബ്രേക്കിട്ടു. കാറിൽ നിന്ന് രണ്ട് യുവാക്കളെത്തി ബെന്നിയെ റോഡിലേക്ക് വലിച്ചിറക്കി. അസഭ്യം വിളിച്ച് കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് തലങ്ങും വിലങ്ങും മർദിച്ചു. ഞങ്ങളുടെ കാറിനെ ഓവർടേക്ക് ചെയ്യാൻ നീയാരെടാ എന്ന് ആക്രോശിച്ചായിരുന്നു മർദനമെന്ന് ബെന്നി പറയുന്നു.

സംഭവത്തിൽ ബെന്നിയുടെ മുഖത്തും മൂക്കിനും സാരമായും ശരീരമാസകലവും പരിക്കേറ്റു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ചാലിശ്ശേരി പൊലീസെത്തിയാണ് പ്രതികളായ ഞാങ്ങാട്ടിരി സ്വദേശി അലൻ അഭിലാഷ്, മേഴത്തൂർ സ്വദേശി അജ്മൽ എന്നിവരെ പിടികൂടിയത്. കഴിഞ്ഞ വർഷം തൃത്താല എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അലൻ അഭിലാഷെന്നും പൊലീസ് പറഞ്ഞു.