കഴിഞ്ഞ ഒൻപത് മാസമായി അഖിൽ സി വർഗീസിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ് വിജിലൻസും ക്രൈംബ്രാഞ്ചും.
കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിലെ പ്രതി അഖിൽ സി വർഗീസിനെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം. കഴിഞ്ഞ ഒൻപത് മാസമായി അഖിലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ് വിജിലൻസും ക്രൈംബ്രാഞ്ചും. അതേസമയം, തട്ടിപ്പിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദവും മുറുകുകയാണ്. ഇടതുപക്ഷ സംഘടന നേതാവായ പ്രതിയെ സിപിഎം സംരക്ഷിക്കുകയാണെന്നാണ് കോൺഗ്രസിന്‍റെ ആക്ഷേപം.
യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ സാമ്പത്തിക തട്ടിപ്പുകളുടേയും അഴിമതിയുടെയും പുതിയ വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. നഗരസഭ കണ്ട ഏറ്റവും വലിയ തട്ടിപ്പായിരുന്ന കഴിഞ്ഞ ഓഗസ്റ്റിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ ജീവനക്കാരൻ അഖിൽ സി വർഗീസ് അതിസമർത്ഥമായാണ് രണ്ട് കോടി മുപ്പത്തിയൊമ്പത് ലക്ഷം രൂപ നഗരസഭയിൽ നിന്ന് കൈക്കലാക്കിയത്. പെൻഷൻ ഫണ്ടിൽ നിന്ന് പ്രതിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയായിരുന്നു തട്ടിപ്പ്. നഗരസഭ ധനകാര്യ വിഭാഗം തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ അഖിൽ സി വർഗീസ് ഒളിവിൽ പോയതാണ്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ വിജിലൻസും അന്വേഷണം തുടങ്ങി. പക്ഷെ അഖിൽ കാണാമറയത്ത് തുടരുകയാണ്. രണ്ട് മാസം മുമ്പ് കീഴടങ്ങാൻ സന്നദ്ധനാണെന്ന് പ്രതി അഭിഭാഷകൻ മുഖേന അറിയിച്ചു. പക്ഷെ അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയില്ല.
ആരുടേയെങ്കിലും സഹായം ഇല്ലാതെ ഇത്രയധികം നാൾ ഒളിവിൽ കഴിയാൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ഇതിനെ സാധൂകരിക്കുന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്. തട്ടിപ്പ് നടത്താൻ വഴിയൊരുക്കിയത് യുഡിഎഫ് ഭരണസമിതി ആണെന്ന് തിരിച്ചടിക്കുകയാണ് എൽഡിഎഫ്. രാഷ്ട്രീയപോര് മുറുമ്പോഴും അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണ്.