പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റാണ് റംല പങ്കുവെച്ചത്

കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിക്ക് ശുപാർശ. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ എ എസ് ഐ റംല ഇസ്മയിനെതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കാണ് റംലയ്ക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തത്. മധ്യമേഖലാ ഡിഐജിക്കാണ് ശുപാർശ സമർപ്പിച്ചിരിക്കുന്നത്.

പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റാണ് റംല പങ്കുവെച്ചത്. ജൂലൈ അഞ്ചിനാണ് സംഭവം. ആലപ്പുഴയിലെ പോപുലർ ഫ്രണ്ട് റാലിക്കിടെ ഉണ്ടായ വിവാദ വിദ്വേഷ മുദ്രാവാക്യ വിവാദത്തിൽ അറസ്റ്റിലായ പോപുലർ ഫ്രണ്ട് പ്രവർത്തകർ ജാമ്യത്തിലിറങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. പൊലീസിനും കോടതിക്കും എതിരായിട്ടായിരുന്നു വിമർശനം.

എഎസ്ഐക്ക് സസ്പെൻഷൻ

പൊലീസിനെയും കോടതിയെയും വിമർശിച്ച് പോപ്പുലർ ഫ്രണ്ട് നേതാവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ എ എസ് ഐ റംല ഇസ്മയിലിന് എതിരെയാണ് മേലുദ്യോഗസ്ഥന്റെ നടപടി. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മധ്യമേഖല ഡി ഐ ജി ആണ് നടപടിയെടുത്തത്.

വിദ്വേഷ മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ചുമത്തിയ കേസുമായി ബന്ധപ്പെട്ടാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് പോലീസിനെയും കോടതിയെയും വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഈ പോസ്റ്റ് ആണ് റംല ഇസ്മയിൽ ഷെയർ ചെയ്തത്. റംലയ്ക്കെതിരെ ബിജെപി നേതാവ് എൻ ഹരി പരാതി നൽകിയിരുന്നു. എന്നാൽ അബദ്ധത്തിൽ പോസ്റ്റ് ഷെയർ ചെയ്തതാണെന്നായിരുന്നു റംല ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം.