തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കുകളിൽ ആറ്റിങ്ങലിൽ എത്തി നിറുത്തിയിട്ടിരുന്ന ലോറികളിൽ നിന്നും  മദ്യകുപ്പികൾ കവർന്ന കേസിൽ അഞ്ച് പേരെ കോവളം പൊലീസ് അറസ്റ്റു ചെയ്തു. കോവളം കുഴിവിളാകം ക്ഷേത്രത്തിന് സമീപം കുക്കു എന്ന് വിളിക്കുന്ന അജിത്ത് (19)  കെ.എസ് റോഡിൽ വേടർ കോളനിയിൽ വേങ്ങനിന്നവിള  വീട്ടിൽ നാദിർഷ (20), വെള്ളാർ കോളനിയിൽ പണയിൽ വീട്ടിൽ കാട്ടിലെ കണ്ണൻ എന്നു വിളിക്കുന്ന വിമൽ മിത്ര (20), ചിറയിൻകീഴിൽ കിഴുവിലം അണ്ടൂർക്കുറക്കട ചരുവിള വീട്ടിൽ ക്രൈസി മഹേഷ് എന്ന് വിളിക്കുന്ന മഹേഷ് (24), വർക്കല  ഇളമൺ അയിരൂർ  കൈതപ്പുഴ കുടക്കുന്ന് വിഷ്ണു ഭവനിൽ വിഷ്ണു (26 )എന്നിവരാണ് അറസ്റ്റിലായത്. 

ഈ കേസിൽ കോവളം തേരിയിൽ വീട്ടിൽ അനിക്കുട്ടനെ (19) ഏതാനും ദിവസം മുമ്പ് പൊലീസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ 16 ന് ആറ്റിങ്ങൽ ഐടിഐക്ക്‌ എതിർവശത്തുള്ള ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിലേക്ക്  മദ്യവുമായെത്തിയ ലോറിയിൽ നിന്നാണ് പ്രതികൾ മദ്യം മോഷ്ടിച്ചത്. മദ്യവുമായെത്തിയ ലോറിയിൽ നിന്ന്  ലോഡ് ഇറക്കുന്നതിന് മുൻപ്‌ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ലോറികൾ മാമത്തേക്ക് മാറ്റിയിട്ടു. ടാർപ്പോളിൻ ഉപയോഗിച്ച് മൂടിക്കെട്ടിയാണ് മദ്യക്കുപ്പികളടങ്ങിയ പെട്ടികൾ ലോറികളിൽ സൂക്ഷിച്ചിരുന്നത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ആറ്റിങ്ങൾ മാമത്ത് ലോറിയിൽ മദ്യകുപ്പികൾ സൂക്ഷിച്ചിരിക്കുന്നതായി അറിഞ്ഞ വിമൽ മിത്ര കൂട്ട് പ്രതികളായ അജിത്ത്, നാദിർഷ എന്നിവരുമായി ചേർന്ന് കോവളം വേടർ കോളനിയിൽ നിന്നും ഒരു പൾസർ ബൈക്ക് മോഷ്ടിക്കുകയും അതിൽ മോഷണത്തിനായി ആറ്റിങ്ങലിലേയ്ക്ക് തിരിക്കുകയും ചെയ്തു. വഴിയിൽ  കോരാണിയ്ക്ക് സമീപത്തുവച്ച് ബൈക്ക് പഞ്ചറായതിനെ തുടർന്ന് മറ്റ് പ്രതികളായ  മഹേഷ്, വിഷ്ണു എന്നിവരെ വിളിച്ചുവരുത്തി ബൈക്ക് ഏല്പിച്ച ശേഷം ഇവിടെ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിക്കുകയും അതിൽ ആറ്റിങ്ങലിലേക്ക് പോകുകയും ചെയ്തു. 

അവിടെ മൂന്ന് മുക്കിന് സമീപമുള്ള ബിവറേജസ് ഗോഡൗണിൽ നിറുത്തിയിട്ടിരുന്ന ലോറിയിൽ നിന്നും നൂറോളം മദ്യക്കുപ്പികൾ മോഷ്ടിച്ചു. 17 ന് രാവിലെ ടാർപ്പോളിൻ കുത്തിക്കീറിയതായി കണ്ട ലോറിയിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ മോഷണം പോയതായും മദ്യമെടുത്ത ശേഷം ഒരു പെട്ടി ലോറിക്കരികിൽ ഉപേക്ഷിച്ചിരുന്നതും കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. 

അന്വേഷണം ഏറ്റെടുത്ത പൊലീസ് സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്  പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.  വഞ്ചിയൂർ, നെടുമങ്ങാട് സ്റ്റേഷൻ പരിധികളിൽ നിന്നും പ്രതികൾ വാഹനങ്ങൾ മോഷ്ടിച്ചട്ടുള്ളതായി പൊലീസ് പറഞ്ഞു.  കോവളം എസ്.എച്ച്.ഒ പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്കുമാർ ,രാജേഷ് കുമാർ സിപിഒ മാരായ ശ്രീകാന്ത്. വിനയൻ, ഷിജു, ബിജേഷ്, ഷൈജു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.