കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 182 പേര്‍ ഉള്‍പ്പെടെ ആകെ 497 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും ബീച്ച് ആശുപത്രിയില്‍ രണ്ട് പേരും ഉള്‍പ്പെടെ ആകെ ഏഴു പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. 

മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് അഞ്ച് പേരെയും ഉള്‍പ്പെടെ ഏഴുപേരെ ഇന്നലെ (മാര്‍ച്ച് 12)ഡിസ്ചാര്‍ജ്ജ് ചെയ്തു.  നാല് സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 65 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 60 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു.  എല്ലാം നെഗറ്റീവ് ആണ്. 

ഇനി അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. കോവിഡ് ബോധവല്‍ക്കരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ  ഭാഗങ്ങളില്‍ പഞ്ചായത്ത് തല, വാര്‍ഡ് തല ജാഗ്രതാ സമിതി യോഗം ചേരുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വേണ്ടിയുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുകയും ചെയ്തു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് രണ്ട് ബാച്ചുകളിലായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പരിശീലനം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി, അഡീഷണല്‍ ഡിഎംഒമാരായ ഡോ. എന്‍ രാജേന്ദ്രന്‍, ഡോ. ആശാദേവി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ടി മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.