കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന 450 പേരെ ഇതിനകം  പുനരധിവസിപ്പിച്ചതായി ജില്ലാ കളക്ടർ സാംബശിവറാവു അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ആളുകളുടെ സംരക്ഷണം ഏറ്റെടുത്ത് എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

വൈദ്യ പരിശോധനക്കുശേഷം കോഴിക്കോട് നഗരത്തിലുള്ള ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഹോസ്റ്റലിലും പട്ടികജാതി വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിലുമാണ് ഇവര്‍ക്കുള്ള താമസസൗകര്യം ഏര്‍പ്പാടാക്കിയത്. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മുഴുവന്‍ പേര്‍ക്കും പ്രാതലും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് നോഡൽ ഓഫീസറും ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ പുഷ്പ അംഗവുമായി സംവിധാനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവു നല്‍കിയതിനെ തുടര്‍ന്നാണ് പുനരധിവാസ നടപടികള്‍.