കച്ചവട കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള റോഡുകള്‍ വണ്‍വേ ആക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങള്‍ക്കെതിരെ വ്യാപാരികള്‍ തിങ്കളാഴ്ച കടകളടച്ച് പ്രതിഷേധിക്കും.
കോഴിക്കോട്: കോഴിക്കോട് സിഎച്ച് മേല്‍പ്പാലം അറ്റകുറ്റപണികള്‍ക്കായി ചൊവ്വാഴ്ച മുതല്‍ അടച്ചിടും. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും.കച്ചവട കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള റോഡുകള്‍ വണ്‍വേ ആക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങള്‍ക്കെതിരെ വ്യാപാരികള്‍ തിങ്കളാഴ്ച കടകളടച്ച് പ്രതിഷേധിക്കും. രണ്ട് മാസത്തെ ക്രമീകരണകാലത്തിനുള്ളില്‍ കച്ചവടങ്ങള്‍ പൂര്‍ണമായും പൂട്ടിപ്പോകുമെന്നാണിവരുടെ ആശങ്ക.
നഗരത്തിലെ ഏറ്റവും പഴക്കമുള്ള മേല്‍പ്പാലം, 40 കൊല്ലത്തെ ചരിത്രം. 1986ല്‍ പതിപ്പിച്ച മമ്മൂട്ടിച്ചിത്രം വാര്‍ത്തയുടെ പോസ്റ്റര്‍ മുതല്‍ നിപ കാലത്തെ അതിജീവനചിത്രങ്ങള്‍ വരെ മായാതെ ഇപ്പോഴുമുണ്ടെന്നത് ഭൂതകാലക്കുളിര്‍. പക്ഷേ ഇപ്പോള്‍ കൈവരികള്‍ മിക്കതും തകര്‍ന്ന് കമ്പികള്‍ പുറത്തെത്തി. ഫുട്പാത്തിലെ സ്ലാബുകള്‍ പൊട്ടി. പാലത്തിന്റെ പുറംഭാഗം പൊളിഞ്ഞുതുടങ്ങിയതോടെയാണ് നവീകരണപ്രവൃത്തി തുടങ്ങിയത്. ഇതിനായി താഴെയുള്ള കെട്ടിടങ്ങളെല്ലാം ഒഴിപ്പിച്ച് ബലപ്പെടുത്തല്‍ തുടങ്ങിയെങ്കിലും ഗതാഗതം പൂര്‍ണമായും നിര്‍ത്താതെ മറ്റ് പണികള്‍ നടത്താനാവാതെ വന്നതോടെയാണ് പാലം അടച്ചിടുന്നത്. ബീച്ചാശുപത്രിയിലേക്കും കോടതി, കോര്‍പ്പറേഷന്‍ ബീച്ച് എന്നിവിടങ്ങളിലേക്കും പോകുന്നത് ഈ പാലം വഴിയാണ്. ആദ്യ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണത്തിനായി കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും. മാറി പോകേണ്ട വഴി വ്യക്തമാക്കുന്ന തരത്തിലുള്ള ബോര്‍ഡുകളും വെയ്ക്കും. ഗാന്ധി റോഡ് ഫ്‌ളൈ ഓവര്‍, ബീച്ച് റോഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാന ക്രമീകരണം.
ഗതാഗത ക്രമീകരണം ഇങ്ങനെ
1. കല്ലായ് ഭാഗത്ത് നിന്നുള്ള സിറ്റി ബസുകള്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷന്‍ വഴി ഗാന്ധി റോഡ് മേല്‍പ്പാലം വഴി പോകണം.
2. ഗാന്ധി റോഡ് വഴിയുളള സിറ്റി ബസ്സുകള്‍ ക്രിസ്ത്യന്‍ കോളേജ് - വയനാട് റോഡ് - ബിഇഎം സ്‌കൂള്‍ വഴി പോകണം.
3. കോടതി ഭാഗത്തേക്കുളള വാഹനങ്ങള്‍ റെയില്‍വെ ലിങ്ക് റോഡ് - റെയില്‍വെ മേല്‍പ്പാലം വഴി പോകണം.
4. പന്നിയങ്കര, മാങ്കാവ് ഭാഗത്തുനിന്നുളള വാഹനങ്ങള്‍ ഫ്രാന്‍സിസ് റോഡ് വഴി ബീച്ചിലേക്ക് പോകണം.
5. പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ നിന്ന് ബീച്ചിലേക്കുളളവര്‍ അരയിടത്ത് പാലം- സരോവരം മിനി ബൈപ്പാസ്- ക്രിസ്ത്യന്‍ കോളേജ് - ഗാന്ധി റോഡ് മേല്‍പ്പാലം വഴി പോകണം.
കെ വിദ്യയെ ഇനിയും പിടികൂടാതെ പൊലീസ്, കേസെടുത്തതിന് പിന്നാലെ ഒളിവിൽ, പൂട്ടിയിട്ട വീട്ടിലെത്തി മടങ്ങി പൊലീസ്
