ലഹരി വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ ബ്ലാക്കി എന്ന നായയാണ് പൊലീസുകാരെ സഹായിക്കുന്നത്. വാഹനങ്ങളുടെ അകവും പുറവുമെല്ലാം ബ്ലാക്കി മണം പിടിക്കും. ഒപ്പം ആന്‍റി നാര്‍ക്കോട്ടിക് സംഘത്തിലെ പൊലീസുകാര്‍ വാഹനങ്ങള്‍ അരിച്ച് പെറുക്കും.

കോഴിക്കോട്: ലഹരിക്കടത്ത് കണ്ടെത്താന്‍ മിന്നല്‍പ്പരിശോധനയുമായി കോഴിക്കോട് സിറ്റി പൊലീസ്. നഗരത്തിലെ തിരക്കേറിയ ഇടങ്ങളില്‍ പൊലീസ് നായയുടെ സഹായത്തോടെയുള്ള വാഹന പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ അടുത്ത പത്ത് ദിവസം നഗരത്തില്‍ മിന്നല് പരിശോധനകള്‍ തുടരും.

ലഹരി വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ ബ്ലാക്കി എന്ന നായയാണ് പൊലീസുകാരെ സഹായിക്കുന്നത്. വാഹനങ്ങളുടെ അകവും പുറവുമെല്ലാം ബ്ലാക്കി മണം പിടിക്കും. ഒപ്പം ആന്‍റി നാര്‍ക്കോട്ടിക് സംഘത്തിലെ പൊലീസുകാര്‍ വാഹനങ്ങള്‍ അരിച്ച് പെറുക്കും.

ലഹരി വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയാല്‍ വാഹമോടിക്കുന്നവരുടെ മേല്‍വിലാസം അടക്കം രേഖപ്പെടുത്തിയ ശേഷമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്. കോഴിക്കോട് നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം ഇങ്ങനെ പരിശോധന നടത്താനാണ് സിറ്റി പൊലീസിന്‍റെ തീരുമാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ലഹരി ഒഴുകാന‍് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന.

ആദ്യ ദിനം എട്ടിടങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലാ അതില്‍ത്തിയിലും പ്രത്യേക പരിശോധകളുണ്ടാകും. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍റുകള്‍, ബീച്ച്, ചന്തകള്‍, ഷോപ്പിംഗ് മാള്‍ പരിസരം തുടങ്ങിയ ഇടങ്ങളിലെല്ലാം വരും ദിവസങ്ങളില്‍ ബ്ലാക്കിയും ആന്‍റി നാര്‍ക്കോട്ടിക് സംഘവുമെത്തും.