പതിനാലാം തിയതിയാണ് അപകടം സംഭവിച്ചത്

കോഴിക്കോട്: വണ്‍വേ നിയന്ത്രണം തെറ്റിച്ചെത്തിയ സ്‌കൂട്ടര്‍ വയോധികനെ ഇടിച്ചു തെറിപ്പിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. മുക്കം പി സി റോഡില്‍ വ്യാപാരം നടത്തുന്ന കെ പി മുഹമ്മദി(74) നെയാണ് തെറ്റായ ദിശയിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചത്. കഴിഞ്ഞ 14ാം തീയ്യതിയാണ് അപകടം സംഭവിച്ചത്. എന്നാല്‍ സ്‌കൂട്ടര്‍ ഇടിച്ചതാണെന്ന വിവരം മുഹമ്മദ് ആരോടും പറഞ്ഞില്ല. റോഡിലേക്കിറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണുവെന്ന് ഓടിക്കൂടിയ നാട്ടുകാരോട് പറയുകയായിരുന്നു.

ദിവസങ്ങള്‍ക്ക് ശേഷം ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് മുഹമ്മദ് യഥാര്‍ത്ഥ വിവരം ഡോക്ടറോട് പറഞ്ഞത്. വിദഗ്ധ പരിശോധനയില്‍ വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ അപകടം നടന്നതിന് സമീപമുള്ള കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു. വണ്‍വേ നിയന്ത്രണമുള്ള സ്ഥലത്തുകൂടി പ്രവേശിച്ച സ്‌കൂട്ടര്‍ റോഡിലേക്കിറങ്ങിയ മുഹമ്മദിനെ തട്ടിത്തെറിപ്പിക്കുന്ന ദൃശ്യമാണ് ബന്ധുക്കള്‍ കണ്ടത്.

വീഡിയോ കാണാം

മുക്കം അഭിലാഷ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡ് വണ്‍ വേ ആണ്. ഈ നിയന്ത്രണം തെറ്റിച്ചു വന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. സ്‌കൂട്ടറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ അപകടം നടന്നിട്ടും നിര്‍ത്താതെ പോകുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. അപകടം നടക്കുമ്പോള്‍ സമീപത്തായി ആരും ഉണ്ടായിരുന്നില്ല. പിന്നാലെയെത്തിയ യാത്രികരും ഇവിടെ നിന്ന് അല്‍പം മാറി ജോലിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡും ഉള്‍പ്പെടെ മുഹമ്മദിന്റെ അടുത്തേക്ക് എത്തുന്നത് ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ഇവരോടും കാല്‍ വഴുതി വീണതാണെന്ന് മുഹമ്മദ് പറഞ്ഞതായാണ് സൂചന. സംഭവത്തില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രസ്തുത റോഡിലൂടെ വണ്‍ വേ തെറ്റിച്ച് വാഹനങ്ങള്‍ പ്രവേശിക്കുന്നത് സാധാരണമാണെന്ന പരാതി നാട്ടുകാരുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.

എക്സ്യൂസ്മീ, ഇത് കാടല്ല, കൃഷിയിടമാണ് കേട്ടോ! റോഡ് വീലർ അടക്കമുള്ളവയെ അഴിച്ചുവിട്ടു, വിരണ്ടോടി കാട്ടുപന്നി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം