പെൺകുട്ടിയുടെ ഫോൺ പ്രതി ബലമായി എടുത്ത് കൊണ്ടുപോയിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ വിളിച്ചു അൽഫാൻ മോശം കാര്യങ്ങൾ പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട് ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ സുഹൃത്ത് അൽഫാൻ ഇബ്രാഹിമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ ചുമത്തി. പെൺകുട്ടിയുടെ ഫോൺ പ്രതി ബലമായി എടുത്ത് കൊണ്ടുപോയിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ വിളിച്ചു അൽഫാൻ മോശം കാര്യങ്ങൾ പറഞ്ഞു. പൊതുമധ്യത്തിൽ വച്ചു മൗസയെ മർദിച്ചു. എത്ര ചോദിച്ചിട്ടും ഫോൺ തിരികെ കൊടുത്തില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വയനാട് വൈത്തിരിയിൽ നിന്നാണ് അൽഫാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേവായൂർ സ്റ്റേഷനിൽ എത്തിച്ച് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തൃശ്ശൂർ പാവറട്ടി സ്വദേശിയായ മൌസ മെഹ്രിസ് ഫെബ്രുവരി 24 നാണ് മരിച്ചത്. ചേവായൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു അന്വേഷിക്കുന്നതിനിടെ അൽഫാൻ ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്ക് എതിരെ തെളിവുകൾ കിട്ടിയിരുന്നില്ല. എന്നാൽ ഒളിവിൽ പോയതോടെ അൽഫാന് വേണ്ടി വ്യാപക തെരച്ചിൽ പൊലീസ് നടത്തിയിരുന്നു. മരിച്ച മൗസ മെഹ്റിസിന്റ ഫോൺ ഇതുവേറെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച എന്തെങ്കിലും വിവരം അൽഫാനിൽ നിന്ന് കിട്ടുമോ എന്നാണ് പൊലീസ് നോക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player