Asianet News MalayalamAsianet News Malayalam

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാന്റീന്‍ പൂട്ടി

ക്യാന്റീനെ കുറിച്ചുണ്ടായ ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രിന്‍സിപ്പാളിനോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 

kozhikode medical college canteen closed
Author
Kozhikode, First Published Nov 3, 2021, 2:14 AM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീന്‍ അടച്ചുപൂട്ടി. ക്യാന്റീനെ കുറിച്ചുണ്ടായ ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രിന്‍സിപ്പാളിനോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 

അതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ അന്വേഷണം നടത്തുകയും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്യാന്റീന്‍ താത്ക്കാലികമായി അടയ്ക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. ഐ.എം.സി.എച്ചിൽ സ്വകാര്യ വ്യക്തി നടത്തുന്ന കാന്റീനിലെ വൃത്തിഹീനമായ സാഹചര്യം ഡി.വൈ.എഫ്.ഐ. മെഡിക്കൽകോളേജ് മേഖലകമ്മിറ്റിയാണ്  ശ്രദ്ധയിൽ കൊണ്ടുവരുന്നത്.

അവർ ഇടപെടുകയും വൃത്തിഹീനമായ ഭക്ഷ്യ വസ്തുക്കൾ പൊതുജനം ഉപയോഗിക്കാതിരിക്കാനുള്ള നടപടി ഉടൻ സ്വീകരിപ്പിക്കുകയും ചെയ്തു. തുടർന്ന്  ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലം സന്ദർശിക്കുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പുറത്ത് ഉണ്ടായിരുന്ന മുഴുവൻ ചാക്ക് അരിയും സ്ഥലത്ത് നിന്ന് ഡി.വൈ.എഫ്.ഐ. പ്രതിനിധികളുടെ സാന്നിധ്യത്തിൽ നീക്കം ചെയ്യുകയും ചെയ്തിരുന്നു. 

മറ്റു നടപടികൾ സ്വീകരിക്കുമെന്നും അധികാരികൾ ഉറപ്പ് നൽകിയതോടെയായിരുന്നു പ്രവർത്തകർ പിരിഞ്ഞ് പോയത്.ദിവസേന നൂറുകണക്കിന് പേർ ഭക്ഷണം  കഴിച്ചിരുന്ന കാന്‍റീനായിരുന്നു വൃത്തി ഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചത്.

Follow Us:
Download App:
  • android
  • ios