ശ്രാവൺ താരയുടെ ഭർത്താവ് ശ്രീമോനും ഫവാസും ചേർന്നാണ് രസലഹരി മരുന്ന് കച്ചവടം നടത്തുന്നത്. ശ്രീമോനെ കഴിഞ്ഞ ദിവസം 430 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ പൊലീസ് പിടികൂടിയിരുന്നു.
വാഗമൺ: ഇടുക്കി വാഗമണ്ണിൽ മാരക ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികളായ യുവതിയേയും യുവാവിനേയും എക്സൈസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും 50 ഗ്രാം എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലും മൂന്നേമുക്കാൽ ലക്ഷം രൂപയും കണ്ടെടുത്തു. കോഴിക്കോട് റഹ്മാൻ ബസാർ സ്വദേശി മുഹമ്മദ് ഫവാസ്, ഫറോക്ക് സ്വദേശി ശ്രാവൺ താര എന്നിവരാണ് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുമായി പീരുമേട് എക്സൈസിൻറെ പിടിയിലായത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഗമൺ ഭാഗത്ത് എക്സൈസ് സംഘം വാഹന പരിശോധന നടത്തുകയായായിരുന്നു. ഈ സമയത്താണ് മുഹമ്മദ് ഫവാസും ശ്രാവൺ താരയും കാറിലെത്തിയത്.
പരിശോധനയിൽ വാഹനത്തിൽ നിന്നും 47 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെത്തി. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ വാഗമണ്ണിലെ റിസോർട്ടിൽ മുറിയെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ഇവർ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ രണ്ടു ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാമോളം ഹാഷിഷ് ഓയിലും 3,75,000 രൂപയും അഞ്ച് മൊബൈൽ ഫോണുകളും പിടികൂടി. പിടികൂടിയ പണം മയക്കു മരുന്ന കച്ചവടത്തിൽ നിന്നും ലഭിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഫവാസിനെ 2021 ൽ 83 ഗ്രാം എംഡിഎംഎയുമായി എറണാകുളത്ത് നിന്നും പിടികൂടിയിരുന്നു.
മറ്റ് സ്ഥലങ്ങളിലും ഇയാൾക്കെതിരെ മയക്കു മരുന്ന് കേസ് ഉണ്ടെന്ന് എക്സൈസ് പഞ്ഞു. ശ്രാവൺതാരയുടെ ഭർത്താവ് ശ്രീമോനും ഫവാസും ചേർന്നാണ് രസലഹരി മരുന്ന് കച്ചവടം നടത്തുന്നത്. ശ്രീമോനെ കഴിഞ്ഞ ദിവസം 430 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ പൊലീസ് പിടികൂടിയിരുന്നു. തങ്ങളെയും പൊലീസ് അറസ്റ്റു ചെയ്യുമെന്ന് ഭയന്നാണ് ഇരുവരും വാഗമണ്ണിലേക്ക് കടന്നത്. സംസ്ഥാനത്ത് വൻതോതിൽ രാസലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ മറ്റംഗങ്ങളെ കണ്ടെത്താൻ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രത്യേകം സംഘത്തെ നിയോഗിച്ചിട്ടുണ്ട്.


