കോഴിക്കോട് ചാത്തമംഗലം കൃഷിഭവനിലെ ഉദ്യോഗസ്ഥർ പ്രവൃത്തി ദിനത്തിൽ കർഷകരുമായി പരിശീലനത്തിന് പോയത് ഓഫീസ് പ്രവർത്തനത്തെ ബാധിച്ചതായി പരാതി.

കോഴിക്കോട്: ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ പ്രവൃത്തി ദിനത്തില്‍ കര്‍ഷകരുമൊത്ത് പരിശീലനത്തിന് പോയതായി പരാതി. ചാത്തമംഗലം കൃഷിഭവനിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കൃഷി ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരാണ് സേലത്തേക്ക് പരിശീലനത്തിനായി പോയത്. ഇതുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഷെരീഫ് മലയമ്മ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി.

കര്‍ഷകര്‍ക്കുള്ള ട്രെയിനിങ് എന്ന പേരിലാണ് ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ പോയതെന്ന് പരാതിക്കാരന്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഏതാനും താല്‍ക്കാലിക ജീവനക്കാര്‍ ഒഴികെ ഓഫീസില്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു. പ്രവര്‍ത്തി ദിനങ്ങളില്‍ പരിശീലനത്തിനുള്‍പ്പെടെ പോകാന്‍ പാടില്ലെന്ന ചട്ടത്തിന്റെ ലംഘനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥന്‍ എത്തിയിരുന്നു. പരിശോധനയില്‍ ഓഫീസിലെ ഒരുദ്യോഗസ്ഥന്‍ ഫീല്‍ഡ് വര്‍ക്കിലാണെന്ന രേഖകള്‍ കണ്ട് ഇദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ ഇയാളും പരിശീലനത്തിന് പോയതായി വ്യക്തമായെന്നാണ് ലഭിക്കുന്ന വിവരം. സംഭവം അന്വേഷിക്കാന്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അജയ് അലക്‌സിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.