ഇടുക്കി: ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയില്‍ പാഷന്‍ഫ്രൂട്ട് കൃഷി വ്യാപിക്കുന്നതിന് പദ്ധതിയുമായി ശാന്തമ്പാറ ബാബുജി കൃഷി വിജ്ഞാന കേന്ദ്രം. ഇതിന്റെ ഭാഗമായി മാതൃകാ കൃഷി തോട്ടം ഒരുക്കിയിരിക്കുകയാണ് കേന്ദ്രം.

പച്ചക്കറികള്‍ക്കൊപ്പം പഴവര്‍ഗങ്ങളും വിളയിക്കുന്നതിന് അനുയോജ്യമായ വട്ടവടയില്‍ ഏറെ വിപണി സാധ്യതയുള്ള പാഷന്‍ഫ്രൂട്ട്  കൃഷി വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ശാന്തമ്പാറ കൃഷിവിജ്ഞാന കേന്ദ്രം. ഇതിന്റെ ഭാഗമായി ശാസ്ത്രീയ കൃഷി പരിപാലനം കര്‍ഷകരെ ബോധ്യപ്പെടുത്തി കൃഷി ആരംഭിക്കുന്നതിനായി ഇവിടെ മാതൃക കൃഷി തോട്ടവവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മണ്ണിന്റെ ഘടന മനസ്സിലാക്കി ആവശ്യമായ പരിപാലനത്തിലൂടെ കൃഷി വിജയകരമാക്കുന്നതെങ്ങനെയെന്ന് പ്രായോഗികമായി കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതിന് കൂടിയാണ് മാതൃകാ തോട്ടം ഒരുക്കിയിരിക്കുന്നതെന്ന് കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഡോ ആഷിബ പറഞ്ഞു.  

Read More: മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് നിലച്ചു; മരണാസന്നയായ തോടിനെ വീണ്ടെടുത്ത് വിദ്യാര്‍ത്ഥികള്‍

ഐഎച്ച്ആര്‍ വികസിപ്പിച്ചെടുത്ത കാവേരി ഇനമാണ് കൃഷിയിറക്കിയിരിക്കുന്നത്. വട്ടവടയിലെ പയറും, ബീന്‍സുമടക്കമുള്ള കൃഷികള്‍ക്ക് ഇടവിളയായി ഫാന്‍ഫ്രൂട്ട് കൃഷി ചെയ്യാമെന്നതും കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് നല്‍കുന്നു. പരീക്ഷണ കൃഷി വിജയത്തിലെത്തിയാല്‍ കര്‍ഷകരെ കൂടുതല്‍ ഫാഷന്‍ ഫ്രൂട്ട് കൃഷിയിലേയ്ക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ വി കെ.