Asianet News MalayalamAsianet News Malayalam

മത്സരത്തിനിടെ കറന്‍റ് പോവില്ല; ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ അരയും തലയും മുറുക്കി കെഎസ്ഇബി

മലയോര മേഖലയായതിനാല്‍ ചെറു കാറ്റടിച്ചാല്‍ പോലും മരക്കൊമ്പുകള്‍ ലൈനില്‍ തട്ടി വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണുള്ളത്. ഇതുകാരണം ആഘോഷ വേളകളിലും ലോകകപ്പ് സീസണുകളിലും കടുത്ത വിമര്‍ശനത്തിനും കൈയേറ്റത്തിനും ജീവനക്കാര്‍ ഇരയാകാറുണ്ട്

KSEB all set to ensure no shortage of power supply during world cup football match
Author
First Published Nov 10, 2022, 5:24 PM IST

മലപ്പുറം: ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ അരയും തലയും മുറുക്കി കെ എസ് ഇ ബിയും രംഗത്ത്. വൈദ്യുതി മുടക്കമില്ലാതെ ഫുട്‌ബോള്‍ മാമാങ്കം കാണാന്‍ ആസ്വാദകര്‍ക്ക് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. കാളികാവ് സെക്ഷന് കീഴില്‍ യുദ്ധകാലടിസ്ഥാനത്തിലാണ് നവീകരണ പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും നടത്തുന്നത്. ലോകകപ്പ് തുടങ്ങുന്ന ഈ മാസം 20ന് മുമ്പ് തന്നെ എല്ലാ വൈദ്യുതി ലൈനുകളും കുറ്റമറ്റതാക്കുന്നതിന് വേണ്ടി കാളികാവ് സെക്ഷന് കീഴില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനം നടക്കുന്നത്. 

രണ്ട് ഗ്രൂപ്പുകള്‍ മരച്ചില്ലകള്‍ വെട്ടിമാറ്റി ലൈനുകളുടെ കാര്യക്ഷമത ഉറപ്പാക്കാനും മറ്റൊരു ഗ്രൂപ്പ് അലൂമിനയം ലൈനുകള്‍ മാറ്റി എ ബി സി ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്ന നവീകരണ ജോലിയിലുമാണ്. മലയോര മേഖലയായതിനാല്‍ ചെറു കാറ്റടിച്ചാല്‍ പോലും മരക്കൊമ്പുകള്‍ ലൈനില്‍ തട്ടി വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണുള്ളത്. 

ഇതുകാരണം ആഘോഷ വേളകളിലും ലോകകപ്പ് സീസണുകളിലും കടുത്ത വിമര്‍ശനത്തിനും കൈയേറ്റത്തിനും ജീവനക്കാര്‍ ഇരയാകാറുണ്ട്. ഇതിന് പരിഹാരം കാണാനും ജനങ്ങള്‍ക്ക് മുടക്കമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് അസി. എന്‍ജിനീയര്‍ ബിജു പറഞ്ഞു. ആരാധകരുടെ ഫുട്ബോള്‍ ആവേശം ചോരാതിരിക്കാനാണ് ശ്രമങ്ങള്‍. 

വിവിധ ടീമുകളുടെ ആരാധകര്‍ തമ്മിലുള്ള കട്ടൌട്ട് പോര് ഫിഫയുടെ പോലും ശ്രദ്ധ നേടിയിരുന്നു. പുള്ളാവൂരിലെ ചെറുപുഴയിലെ ഭീമന്‍ കട്ടൗട്ടുകള്‍ ഫിഫ  ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പരപ്പന്‍ പൊയിലില്‍ ദേശീയ പാതയ്ക്ക് സമീപത്തായ ഭീമന്‍ കട്ടൌട്ടുകള്‍ ആരാധകര്‍ സ്ഥാപിച്ചിരുന്നു.ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ കട്ടൌട്ടുകളാണ് ആരാധകര്‍ സ്ഥാപിക്കുന്നത്. മലപ്പുറത്ത് ആരാധക ടീമുകളുടെ പതാകകള്‍ വീടുകള്‍ക്ക് അടിച്ചിരുന്നത് വാര്‍ത്തയായിരുന്നു.

Follow Us:
Download App:
  • android
  • ios