കെഎസ്ഇബി പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയറായ ബാബുജാൻ മുഖത്തടിച്ചുവെന്നും ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും ബാബുജാൻറെ മുറിയില്‍ വച്ചായിരുന്നു അതിക്രമം എന്നും ഓഡിയോ ക്ലിപ്പ് ഓഫീസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഇട്ടശേഷമാണ് ബിജുമോന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്
മരങ്ങാട്ടുപള്ളി: കോട്ടയം മരങ്ങാട്ടുപള്ളിയിൽ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ജീവനക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കെഎസ്ഇബി പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് തൻറെ മരണത്തിന് ഉത്തരവാദിയെന്ന് വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം ഇട്ട ശേഷം ആയിരുന്നു ആത്മഹത്യാശ്രമം. എന്നാൽ ജീവനക്കാരന്റെ ആരോപണത്തിൽ അടിസ്ഥാനം ഇല്ലെന്നാണ് ആരോപണ വിധേയനായ എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രതികരിക്കുന്നത്. കെഎസ്ഇബി പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയറായ ബാബുജാൻ മുഖത്തടിച്ചുവെന്നും ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും ബാബുജാൻറെ മുറിയില്‍ വച്ചായിരുന്നു അതിക്രമം എന്നും ഓഡിയോ ക്ലിപ്പ് ഓഫീസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഇട്ടശേഷമാണ് ബിജുമോന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മരങ്ങാട്ടുപിള്ളി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഇലക്ട്രിസിറ്റി വർക്കറായ ബിജുമോൻ അമിതമായി ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബിജുമോൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് നിലവിലുള്ളത്. സ്വന്തം നാടായ കുറവിലങ്ങാട്ടേയ്ക്ക് സ്ഥലംമാറ്റ ഉത്തരവ് ചീഫ് എന്‍ജിനീയര്‍ നല്കിയിട്ടും പാലാ എക്‌സിക്യൂട്ട് എന്‍ജിനീയർ തനിക്ക് സ്ഥലം മാറ്റം അനുവദിച്ചില്ലെന്നായിരുന്നു ബിജുമോന്റെ പരാതി. ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടപ്പോൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ തന്നെ അസഭ്യം പറഞ്ഞെന്നും ജാതിപ്പേര് വിളിച്ച് കരണത്തടിച്ചെന്നും ബിജുമോൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ശബ്ദ സന്ദേശത്തിൽ ആരോപിക്കുന്നു.
ബിജുമോന്റെ ആത്മഹത്യാശ്രമത്തിന് പിന്നാലെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ പാലാ കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണയും നടത്തി. എന്നാൽ ബിജുമോന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് ആരോപണ വിധേയനായ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുജാൻ പറഞ്ഞു.കനത്ത മഴയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ നടപ്പാക്കാത്തത് എന്നും ബിജുമോന്റെതു മാത്രമല്ല മറ്റു ചില ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവുകളും ഈ കാരണത്താൽ നടപ്പാക്കിയിട്ടില്ലെന്നും ബാബുജാൻ വിശദീകരിച്ചു.
മുഴുവൻ സമയവും തുറന്നു കിടക്കുന്ന തന്റെ ഓഫീസിൽ വച്ച് ബിജുമോനെ മർദ്ദിച്ചു എന്ന ആരോപണം കള്ളമാണ്. കഴിഞ്ഞ വര്‍ഷം സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് ബിജുമോനെതിരെ വകുപ്പുതല നടപടികള്‍ നടന്നുവരികയാണ്. ഈ സംഭവത്തില്‍ നടപടിയെടുക്കേണ്ട തന്നെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് ബിജുമോൻ നടത്തിയത് എന്നും ബാബുജാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ തന്നെ മോശമായി ചിത്രീകരിക്കുന്നു എന്ന് കാട്ടി ബാബുജാൻ വ്യാഴാഴ്ച രാത്രി തന്നെ കോട്ടയം സൈബർ സെല്ലിൽ പരാതിയും നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

