ആലുവ - പെരുമ്പാവൂർ റൂട്ടിൽ പിക് അപ് വാനിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഒരു മാസത്തിനിടെ ഈ പ്രദേശത്ത് നടക്കുന്ന നാലാമത്തെ അപകടമാണിത്.
കൊച്ചി: ആലുവയിൽ പിക് അപ് വാനിന്റെ പിറകിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ് ഇരുചക്ര വാഹന യാത്രക്കാരന് പരുക്കേറ്റു. ഇന്ന് വൈകുന്നേരമാണ് ആലുവ - പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിൽ ചൊവ്വര കവലയിലെ കുട്ടമശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അപകടമുണ്ടായത്.
പിക് അപ് വാനിന്റെ പിറകിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പെരുമ്പാവൂർ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോയ കെഎസ്ആർടിസി ബസ് വെട്ടിച്ച് വൈദ്യുതി പോസ്റ്റിലിൽ ഇടിച്ചു. പിക്കപ്പ് വാനിൽ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണ പുറയാർ സ്വദേശി സുരേഷിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വൈദ്യുതി പോസ്റ്റ് തകർന്നിട്ടുണ്ട്.കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് തകർന്നെങ്കിലും ആർക്കും പരിക്കില്ല.ചൊവ്വര ഭാഗത്ത് അപകടങ്ങൾ പതിവാണ്. ഒരു മാസത്തിനിടെ നാലാമത്തെ അപകടമാണിത്.


