റെയിൽവേ മേൽപ്പാലം കയറുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞതോടെ ഇഖ്ബാൽ റോഡിൽ തലയടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവള റോഡിലെ റെയിൽവേ മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ 21കാരനായ യുവാവ് മരിച്ചു. വെങ്ങോല കുറ്റിപ്പാടം (പുളിയാമ്പിള്ളി) കോരപ്പിള്ളിക്കുടി വീട്ടിൽ റഹീമിന്റെയും റസീനയുടെയും മകൻ മുഹമ്മദ് ഇഖ്ബാൽ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. രണ്ട് സുഹൃത്തുക്കളുമൊത്ത് രണ്ട് ബൈക്കുകളിലായിരുന്നു ഇഖ്ബാൽ നെടുമ്പാശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്തിരുന്നത്. ഇഖ്ബാൽ തനിച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്.
റെയിൽവേ മേൽപ്പാലം കയറുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞതോടെ ഇഖ്ബാൽ റോഡിൽ തലയടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഴക്കമ്പലത്തെ ഒരു സ്വകാര്യ കൂറിയർ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു ഇഖ്ബാൽ. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. തണ്ടേക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കാരം നടത്തി. സഹോദരൻ: അസ്ലാം.


