ആലപ്പുഴ: ഓടുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്‍റെ പിന്‍ചക്രം ഊരിത്തെറിച്ചു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ദുരന്തം. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് വരികയായിരുന്ന ഓഡിനറി ബസിന്‍റെ ടയറാണ് ഊരിത്തെറിച്ചത്.

മണ്ണഞ്ചേരി ജംഗ്ഷന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. കോട്ടയം ഡിപ്പോയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 35ല്‍ അധികം യാത്രക്കാരുണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്. വീലിന്‍റെ റിമ്മുമായി ടയറിന്‍റെ ബന്ധം വിട്ടതാണ് അപകടത്തിന് കാരണം. 

ടയര്‍ ഊരിപ്പോയിട്ടും ബസ് നിയന്ത്രിച്ച് ഒതുക്കി നിര്‍ത്താന്‍ സാധിച്ചതാണ് വന്‍ദുരന്തം ഒഴിവാക്കിയത്. സ്റ്റോപ്പിനോട് അടുത്ത സ്ഥലമായിരുന്നതിനാല്‍ വേഗത കുറവായിരുന്നതും സഹായകമായി. അപകടത്തിന് പിന്നാലെ മണ്ണഞ്ചേരിയില്‍ ഗതാഗത തടസ്സം നേരിട്ടിരുന്നു.