കുടുബശ്രീയുടെ ചിറകിലേറി കുട്ടികൾ ആദ്യമായി വിമാനയാത്ര നടത്തി

മുഹമ്മ: പഠന മികവിന്റെ നേട്ടത്തിൽ കുടുബശ്രീയുടെ ചിറകിലേറി കുട്ടികൾ ആദ്യമായി വിമാനയാത്ര നടത്തി. മുഹമ്മ പഞ്ചായത്ത് 12-ാം വാർഡിലെ മിടുക്കരാണ് ബെംഗളൂരുവിലേക്ക് പറന്നത്. ഇത്തവണ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരും മികച്ച നിലയിൽ വിജയിച്ചവരുമാണിവർ.

വ്യാഴാഴ്ച രാവിലെ ഏഴിന് നെടുമ്പാശ്ശേരിയിൽ നിന്നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് 11 കുട്ടികളും 10 കുടുംബശ്രീ പ്രവർത്തകരും ചേർന്ന സംഘം ബെംഗളൂരുവിലേക്കു പോയത്. അവിടെ എട്ടുമണിയോടെ എത്തിയ സംഘം ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു. പ്രധാനയിടങ്ങൾ ചുറ്റിക്കണ്ടു. മെട്രോ തീവണ്ടിയിലും കയറി. പിന്നീട് ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് ബെംഗളൂരു-കൊച്ചുവേളി തീവണ്ടിയിൽ നാട്ടിലേക്ക്. 

സംഘത്തിലെ മുഴുവൻപേരും ആദ്യമായി വിമാനത്തിൽ കയറുന്നവരാണ്. യാത്രയ്ക്കു വാർഡംഗം ലതീഷ് ബി. ചന്ദ്രൻ, എ ഡി എസ്. പ്രസിഡന്റ് സുബിതാ നസീർ, സെക്രട്ടറി ഷീലാ ഷാജി എന്നിവർ നേതൃത്വം നൽകി. പഴയ ദിനപത്രങ്ങൾ ശേഖരിച്ചും ആക്രി സാമഗ്രികൾ സമാഹരിച്ചുമാണ് യാത്രയ്ക്കുള്ള പണം കുടുംബശ്രീ അംഗങ്ങൾ കണ്ടെത്തിയത്. മികച്ചവിജയം നേടുന്നവർക്കു വിമാനയാത്ര ഒരുക്കുമെന്ന കുടുംബശ്രീ എ ഡി എസിന്റെ വാഗ്ദാനമാണ് നടപ്പായത്.

Read more: ബസിൽ കുഴഞ്ഞുവീണ സഹയാത്രികനെ രക്ഷിക്കാൻ ഓടി നടന്ന തൃശൂരിലെ ഡോക്ടറുടെ കഥ!

2500 കിലോ ഭാരം, ലോറിയിൽ കയറ്റാൻ ക്രെയിൻ; ഗുരുവായൂരപ്പന് 4 ഭീമൻ ഓട്ടുരുളികള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ പായസം ഉണ്ടാക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ മാന്നാറിൽ നിർമ്മിച്ച നാല് ഭീമൻ ഓട്ടുരുളികള്‍ ക്ഷേത്രത്തിൽ സമർപ്പിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ആവശ്യപ്രകാരം ആയിരം ലിറ്റർ വീതം പായസം തയ്യാറാക്കാനാവുന്ന വലിയ നാലു ഓട്ടുരുളികളാണ് മാന്നാറിലെ ഓട്ടുരുളി നിർമ്മാണ കേന്ദ്രത്തിൽ നിന്നും തയ്യാറാക്കിയത്. ഗുരുവായൂർ ക്ഷേത്രത്തിലെ പഴകിയതും ഉപയോഗശൂന്യവുമായ വെള്ളോട് ഉടച്ചു വാർത്തായിരുന്നു പുതിയ ഭീമൻ വാർപ്പുകളുടെ നിർമ്മാണം. 

മാന്നാറിലെ ശിവാനന്ദ ഹാൻഡി ക്രാഫ്റ്റ്സ് ഉടമ ശിവാനന്ദൻ ആചാരിയുടെ നേതൃത്വത്തിൽ മുപ്പതോളം തൊഴിലാളികളുടെ മൂന്നുമാസത്തെ കഠിന പ്രയത്നവുമാണ് ഓട്ടുരുളികളുടെ നിർമ്മാണത്തിന് പിന്നില്‍. 2500 കിലോ ഭാരവും എട്ടടി വ്യാസവും 26 ഇഞ്ച് കുഴിവുമുള്ള വാർപ്പുകൾ ആണ് ഇവ. ഓരോ ഓട്ടുരുളിയിലും ഗുരുവായൂർ ദേവസ്വം എന്ന് എഴുതി ചേർത്തിട്ടുണ്ട്.