'സംസ്ഥാനത്തെ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഉപജീവനം ലക്ഷ്യമിട്ട് കുടുംബശ്രീ ആവിഷ്‌കരിച്ച കെ-ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിലെ നൂറ് അംഗങ്ങള്‍ക്ക് വരുമാന മാര്‍ഗ്ഗം ഉറപ്പാക്കാന്‍ തീരുമാനിച്ചത്.'
ഇടുക്കി: ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ നൂറു കുടുംബങ്ങള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ ഊരുസംഗമത്തില്‍ തീരുമാനം. വിവിധ കുടികളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്ത ഊരുസംഗമം ഇടമലക്കുടിയുടെ പ്രധാന കാര്‍ഷിക ഉത്പന്നങ്ങളായ കുരുമുളകിന്റെയും ഏലത്തിന്റെയും ബ്രാന്‍ഡിംഗ് അടക്കമുള്ള പുതിയ സംരംഭങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായെന്ന് അധികൃതര്‍ അറിയിച്ചു.
ഇക്കൊല്ലം സംസ്ഥാനത്തെ മൂന്ന് ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഉപജീവനം ലക്ഷ്യമിട്ട് കുടുംബശ്രീ ആവിഷ്‌കരിച്ച കെ-ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിലെ നൂറ് അംഗങ്ങള്‍ക്ക് വരുമാന മാര്‍ഗ്ഗം ഉറപ്പാക്കാന്‍ തീരുമാനിച്ചത്. മൃഗസംരക്ഷണം, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍, തയ്യല്‍ യൂണിറ്റ്, പെട്ടിക്കട, മുള ഉത്പന്നങ്ങള്‍, വനവിഭവങ്ങളുടെ ശേഖരണവും വിപണനവും തുടങ്ങിയ മേഖലകളിലാണ് വിവിധ കുടികളിലായി പഞ്ചായത്ത് നിവാസികള്‍ക്ക് തൊഴില്‍ ഒരുക്കുന്നത്. മൃഗസംരക്ഷണ മേഖലക്ക് ഊന്നല്‍ നല്‍കി തദ്ദേശീയ ഇനത്തില്‍പ്പെട്ട ആട്, കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കും. മത്സ്യം വളര്‍ത്താനുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കും. വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കുടികളില്‍ നിന്നും ഇതിനകം ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് എത്രയും വേഗം പദ്ധതി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇടമലക്കുടി 2010 നവംബര്‍ ഒന്നിനാണ് കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായി രൂപീകരിക്കുന്നത്. അതിനു മുമ്പ് തന്നെ ഇവിടെ കുടുബശ്രീ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. പ്രത്യേക പഞ്ചായത്താക്കിയ ശേഷം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. 36 അയല്‍ക്കൂട്ടങ്ങളിലായി ഇപ്പോള്‍ എല്ലാ കുടുംബങ്ങളെയും കുടുംബശ്രീയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ഊരുസംഗമത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അമരവതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പുറമെ ഊരുമൂപ്പന്‍മാര്‍, യൂത്ത് ക്ലബ് പ്രതിനിധികള്‍, ആനിമേറ്റര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സൊസൈറ്റിക്കുടി, ഷെഡുകുടി, ഇഡലിപ്പാറക്കുടി അമ്പലപ്പടിക്കുടി എന്നിവിടങ്ങളില്‍ പ്രത്യേക ഊരുതല യോഗങ്ങളും സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ഒടുവിൽ ഒന്നാം പാപ്പാന്‍ തിരിച്ചെത്തി; ഏവൂര്‍ കണ്ണന്റെ ദുരിതത്തിന് അവസാനം

