കോഴിക്കോട്: പ്രാദേശിക ഉത്പന്നങ്ങൾ നേരിട്ട് വീടുകളിലെത്തിക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കാനൊരുങ്ങി സംസ്ഥാന കുടുംബശ്രീ മിഷന്‍.  നിലവില്‍ മൂന്ന് ജില്ലകളില്‍ നടപ്പാക്കിയിട്ടുളള ഈ പദ്ധതിയിലൂടെ ആയിരത്തിലേറെ സ്ത്രീകള്ക്ക്  വരുമാനം ലഭിക്കുന്നുണ്ട്. 
 
നിത്യോപയോഗ സാധനങ്ങള്‍ നേരിട്ട് വീടുകളിലെത്തിക്കാനും അതുവഴി സ്ത്രീകള്‍ക്ക് വരുമാനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് പത്തു വര്‍ഷം മുമ്പാണ്  സംസ്ഥാന കുടുംബശ്രീ മിഷന്‍ ഹോം ഷോപ്പ് പദ്ധതി തുടങ്ങിയത്. നിലവില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലും കാസര്‍കോട്, തൃശ്ശൂര്‍ ജില്ലകളിലെ ഓരോ ബ്ളോക്കുകളിലുമാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

കോഴിക്കോട് ജില്ലയില്‍ മാത്രം പ്രതിമാസം 50 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെയുളള ബിസിനസ് ആ സംരംഭത്തിലൂടെ നടക്കുന്നുണ്ട് . ഈ മാതൃക എല്ലാ ജില്ലകളിലും നടപ്പാക്കാനാണ് കുടുംബശ്രീ മിഷന്റെ  തീരുമാനം. പരിശീലകരായി കോഴിക്കോട് നിന്നുളള അംഗങ്ങള്‍ വിവിധ ജില്ലകളിലെത്തും. 

ഓരോ വാർഡിലും പരിശീലനം ലഭിച്ച ഒരു കുടുംബശ്രീ അംഗമാണ് വീടുകൾ കയറി വിപണനം നടത്തുക. ഹോം ഷോപ്പ് ഓണര്‍ എന്നാണ് ഈ അംഗത്തെ വിളിക്കുക. സാധനങ്ങൾ വിറ്റു തീരുമ്പോൾ ജില്ലാ മിഷൻ, സാധനങ്ങൾ ഹോം ഷോപ്പ് ഓണറുടെ വീട്ടിലെത്തിക്കുന്നതാണ് രീതി. മായമില്ലാത്ത ഉത്പന്നങ്ങൾ സർ‍വീസ് ചാർജ്ജില്ലാതെ വീട്ടുപടിക്കലെത്തിക്കുന്ന ഹോം ഷോപ്പ് ഓണർമാർക്ക് മികച്ച പ്രോത്സാഹനമാണ് ജനങ്ങള്‍ നൽകുന്നത്.