ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേതാണെന്നും സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ളതല്ലെന്നും സുപ്രീംകോടതി വിമർശിച്ചതോടെ തിരുനെല്ലി ക്ഷേത്രത്തിന് പുതിയ പ്രതീക്ഷയാണ് ലഭിച്ചത്
കൽപ്പറ്റ: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപിച്ച പണം തിരികെ വാങ്ങാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങൾ വീണ്ടും ശ്രമം നടത്തും. തിരുനെല്ലി ക്ഷേത്രം പണം ആവശ്യപ്പെട്ട് ഇന്ന് ബാങ്കുകളെയും സൊസൈറ്റികളെയും സമീപിക്കും. ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേതാണെന്നും സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ളതല്ലെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് മുൻനിർത്തായാണ് സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപിച്ച പണം തിരികെ വാങ്ങാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങൾ വീണ്ടും ശ്രമം നടത്തുന്നത്.
വിശദ വിവരങ്ങൾ
സി പി എം ഭരിക്കുന്ന വയനാട് തിരുനെല്ലി സർവീസ് സഹകരണ ബാങ്കിലെ ആറരക്കോടി രൂപയും മറ്റ് സൊസൈറ്റികളിൽ ഉള്ളതുമടക്കം എട്ടരക്കോടി രൂപയാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന് തിരികെ കിട്ടാനുള്ളത്. നിക്ഷേപിച്ച പണം ആവശ്യപ്പെട്ട് തിരുനെല്ലി ക്ഷേത്രം രണ്ടുവർഷമായി ശ്രമം നടത്തുന്നു. പണം തിരികെ നൽകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്ന് കാരണം പറഞ്ഞ് ബാങ്കുകളും സൊസൈറ്റികളും ക്ഷേത്രത്തിന്‍റെ പണം തിരികെ നൽകുന്നില്ല. ഒന്നരക്കോടി രൂപയോളം തൃശ്ശേരി ശിവ ക്ഷേത്രത്തിനും സഹകരണ ബാങ്കിൽ നിന്നും സൊസൈറ്റികളിൽ നിന്നും കിട്ടാനുണ്ട്.
പണം തിരികെ കിട്ടാത്ത സാഹചര്യത്തിലാണ് തിരുനെല്ലി ക്ഷേത്രം സുപ്രീംകോടതിയെ സമീപിച്ചത്. പണം 2 മാസത്തിനകം തിരികെ നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരെ ബാങ്കുകളും ഹർജി നൽകി. എന്നാൽ ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേതാണെന്നും സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ളതല്ലെന്നും സുപ്രീംകോടതി വിമർശിച്ചതോടെ തിരുനെല്ലി ക്ഷേത്രത്തിന് പുതിയ പ്രതീക്ഷയാണ് ലഭിച്ചത്. സഹകരണ ബാങ്കുകളുടെ ഹർജിയും കോടതി തള്ളിക്കളഞ്ഞിരുന്നു. ദേശസാത്കൃത ബാങ്കിൽ നിക്ഷേപിച്ച് പരമാവധി പലിശ തേടുന്നതിൽ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പണം ആവശ്യപ്പെട്ട് ഇന്ന് ബാങ്കുകളെയും സൊസൈറ്റികളെയും സമീപിക്കാൻ തിരുനെല്ലി ക്ഷേത്രം ശ്രമം തീരുമാനിച്ചിരിക്കുന്നത്. ഇത്രയും വലിയ തുക തിരികെ ലഭിക്കാൻ ദേവസ്വം കാര്യമായ ശ്രമം നടത്തുന്നില്ലെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു. ക്ഷേത്രത്തിന്‍റെ പണം തിരികെ നൽകാത്തത് ഉന്നയിച്ച് യു ഡി എഫും ബി ജെ പിയും വിഷയത്തിൽ നേരത്തെ സമരങ്ങൾ നടത്തിയിരുന്നു. ശബരിമല വിഷയത്തിൽ പ്രതിരോധത്തിൽ നിൽക്കെ പാർട്ടി ഭരണത്തിൽ ഉള്ള തിരുനെല്ലി ബാങ്കും സൊസൈറ്റികളും ക്ഷേത്രങ്ങളുടെ പണം തിരികെ നൽകുന്നില്ലെന്ന് വിവാദം വയനാട്ടിൽ സി പി എമ്മിനും പ്രതിസന്ധിയാണ്.


