പട്ടാപ്പകൽ പോലും മദ്യപിക്കാൻ സാമൂഹിക വിരുദ്ധർ ഒത്തു കൂടുന്ന സ്ഥലമായി മാറിയിരിക്കുകയാണ് പുനർജനി പാർക്കും ഓഡിറ്റോറിയവും. പരിസരമാകെ ഒഴിഞ്ഞ മദ്യക്കുപ്പികൾ നിറഞ്ഞിരിക്കുന്നു. സ്റ്റേജിൻ്റെ പിൻവശത്ത് മുറികളും ശൗചാലയവും വരെ ആർക്കും എപ്പോൾ വേണമെങ്കിലും കയറാവുന്ന വിധം തുറന്നിട്ടിരിക്കുന്നു. ഒരു വർഷത്തോളമായി സ്ഥിതി ഇങ്ങനെ തന്നെയാണ്.
കൊല്ലം: നിർമ്മാണം 90 ശതമാനം പൂർത്തിയായ കൊല്ലത്തെ കുമാരനാശാൻ സ്മാരക പുനർജനി പാർക്കും ഓപ്പൺ എയർ ഓഡിറ്റോറിയവും സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. അഷ്ടമുടിക്കായലിലെ മാലിന്യ നീക്കം പ്രതിസന്ധിയിലായതോടെ വൈകുന്ന ഉദ്ഘാടനമാണ് മദ്യപ സംഘത്തിന് സൗകര്യമൊരുക്കുന്നത്. കാട് കയറിത്തുടങ്ങിയ പാർക്കിൻ്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം
കുമാരനാശാന്റെ അന്ത്യ ബോട്ട് യാത്രയുടെ സ്മരണയിൽ നിർമ്മിക്കുന്ന പാർക്കിൻ്റേയും ഓപ്പൺ എയർ ഓഡിറ്റോറിയത്തിൻ്റേയും സ്ഥിതിയൊന്ന് കാണണം. പട്ടാപ്പകൽ പോലും മദ്യപിക്കാൻ സാമൂഹിക വിരുദ്ധർ ഒത്തു കൂടുന്ന സ്ഥലമായി മാറിയിരിക്കുകയാണ് പുനർജനി പാർക്കും ഓഡിറ്റോറിയവും. പരിസരമാകെ ഒഴിഞ്ഞ മദ്യക്കുപ്പികൾ നിറഞ്ഞിരിക്കുന്നു. സ്റ്റേജിൻ്റെ പിൻവശത്ത് മുറികളും ശൗചാലയവും വരെ ആർക്കും എപ്പോൾ വേണമെങ്കിലും കയറാവുന്ന വിധം തുറന്നിട്ടിരിക്കുന്നു. ഒരു വർഷത്തോളമായി സ്ഥിതി ഇങ്ങനെ തന്നെയാണ്.
രണ്ട് ഏക്കറിൽ മൂന്നു കോടി രൂപ ചെലവിൽ ടൂറിസം വകുപ്പിൻ്റേതാണ് പദ്ധതി. ചുറ്റുമതിൽ നിർമ്മാണവും ഇലക്ട്രിക് ജോലികളുമാണ് ബാക്കിയുള്ളത്. നിർമ്മാണം പൂർത്തിയായാലും എതിർ വശത്തുള്ള അഷ്ടമുടിക്കായലിലെ മാലിന്യവും ദുർഗന്ധവും പ്രതിസന്ധിയാകും പദ്ധതിക്കുണ്ടാവുക. ഇവിടെ കലാ സാംസ്കാരിക പരിപാടി നടത്തിയാൽ ദുർഗന്ധം കാരണം ആസ്വാദകർക്ക് മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. നഗരസഭവയും ടൂറിസം വകുപ്പും സംയുക്തമായി ഇടപെട്ടില്ലെങ്കിൽ പൊതുപണം വെള്ളത്തിലാകുമെന്ന കാര്യം ഉറപ്പാണ്.
