തിരുവനന്തപുരം: പാറ്റൂർ ഇഎംഎസ് നഗറിൽ 'കുഞ്ഞിളംകാട് ' എന്ന പേരിൽ നിർമ്മിച്ച പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. നൂറ്റമ്പതിൽപ്പരം ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും ചെടികളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 

നഗരമധ്യത്തിൽ മാതൃകാ ചെറുവനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ കെടിഡിസി ചെയർമാൻ എം വിജയകുമാർ, വാർഡ് കൗൺസിലർ അഡ്വ. ആർ സതീഷ് കുമാർ, ഡോ. ടിഎൻ സീമ,  ഡി ഹുമയൂൺ തുടങ്ങിയവർ സംബന്ധിക്കും. 

ഹരിതകേരള മിഷൻ, തിരുവനന്തപുരം നഗരസഭ, അയ്യൻകാളി തൊഴുലുറപ്പു പദ്ധതി, ഇഎംഎസ് നഗർ ഫാസ് അപ്പാർട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്.

പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമാക്കി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുമായും തൊഴിലുറപ്പ് പദ്ധതികളുമായും സഹകരിച്ചാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി 153 പച്ചത്തുരുത്തുകള്‍ നിലവില്‍ നിര്‍മിച്ചിട്ടുണ്ട്. ജില്ലയിലാകെ 226 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.