തിരുത്തിക്കാട് നൂറടി തോടിന്റെ തീരത്ത് അനധികൃതമായി മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരമായി നൂറോളം തദ്ദേശീയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

തൃശൂർ: തണല്‍മരങ്ങള്‍ മുറിച്ചുമാറ്റിയവര്‍ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ത്ത് തിരുത്തിക്കാട് നൂറടി തോടിന് പുതുജീവന്‍ നല്‍കാനായി വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ പുനര്‍ജ്ജനി പേരിലാണ് തണല്‍പാത ഒരുക്കുന്നത്. കിളിപ്പാടം പദ്ധതിയുടെ ഭാഗമായി തിരുത്തിക്കാട് നൂറടി തോട് നടപ്പാതയോട് ചേര്‍ന്ന് മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍ക്ക് പകരമായി, തോട്ടുവരമ്പത്ത് നൂറോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചുകൊണ്ടാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്.

തോടുകളുടെ സ്വാഭാവിക പരിസ്ഥിതി നിലനിര്‍ത്തുക, മണ്ണൊലിപ്പ് തടയുക, ജൈവവൈവിധ്യം സംരക്ഷിക്കുക, പൊതുജനങ്ങള്‍ക്ക് ശുദ്ധവായുവും തണലും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുനര്‍ജ്ജനി തണല്‍പാത പദ്ധതി നടപ്പിലാക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി കെകെ മനോജ് അറിയിച്ചു. പടവ് കമ്മിറ്റികളുടെ ഭാഗത്ത് നിന്നുണ്ടായ അനധികൃത മരമുറിക്കെതിരേ ശക്തമായ മുന്നറിയിപ്പായും പരിസ്ഥിതി ബോധവല്‍ക്കരണ സന്ദേശമായുമാണ് വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍ സംഘടിപ്പിച്ചത്.

നഗരസഭയുടെ ശുചിത്വ അംബാസിഡറായ വികെ ശ്രീരാമന്‍ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷയായിരുന്നു. വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്, സ്ഥിരംകാര്യ സമിതി അധ്യക്ഷന്‍മാരായ ടി. സോമശേഖരന്‍, മിഷ സെബാസ്റ്റ്യന്‍, ആര്‍ഷ ജിജു, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് എന്നിവര്‍ പ്രസംഗിച്ചു. നഗരസഭയുടെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സജീവ പങ്കാളിത്തത്തോടെയാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്.

പ്രദേശത്തെ മണ്ണിന്റെയും കാലാവസ്ഥയുടെയും സ്വഭാവം പരിഗണിച്ച് കൂവളം, നെല്ലി, ഉങ്ങ്, മന്ദാരം തുടങ്ങിയ തദ്ദേശീയ ഇനങ്ങളിലുള്ള 100ലധികം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. പ്രകൃതി സ്‌നേഹികളും, വിവിധ സന്നദ്ധ സംഘടന ഭാരവാഹികളും, സാംസ്‌കാരിക പ്രവര്‍ത്തകരും, ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് വിദ്യാര്‍ഥികളും, വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറില്‍സ് സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികളും വൃക്ഷതൈ നടീലില്‍ പങ്കുചേര്‍ന്നു.