മൂന്ന് വർഷത്തെ ഗ്രാന്റ് ലഭിക്കാത്തതും യുവാക്കളുടെ താൽപര്യക്കുറവും കാരണമാണ് ഓണത്തല്ല് ഒഴിവാക്കുന്നതെന്ന് സംഘാടകർ.

തൃശൂർ: ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ വര്‍ഷങ്ങളായി കുന്നംകുളത്ത് സംഘടിപ്പിച്ചിരുന്ന ഗ്രാമീണ കലാരൂപമായ ഓണത്തല്ല് ഇത്തവണയില്ല. കുന്നംകുളത്തിന്‍റെ പരമ്പരാഗത ഓണാഘോഷമായി മാറിയ ഓണത്തല്ല് സര്‍ക്കാര്‍ അവഗണന മൂലം നിലച്ചു. ഇത്തവണ ഓണത്തല്ല് ഇല്ലെന്ന് സംഘാടകരായ പോപ്പുലര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹികളായ പ്രസിഡന്റ് സി കെ രവി, സെക്രട്ടറി എം കെ ശിവദാസന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ് അനുവദിക്കാറുള്ളത്. മൂന്ന് വര്‍ഷത്തെ ഗ്രാന്‍ഡ് ഇതുവരെയും ലഭിച്ചിട്ടില്ല. പലരുമായി പലതരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ സാമ്പത്തിക ബാധ്യത സഹിക്കാന്‍ കഴിയാതെ ഓണത്തല്ല് ഒഴിവാക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓണത്തല്ല് സംഘടിപ്പിക്കാന്‍ ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവ് വരും. യുവാക്കള്‍ക്ക് താല്പര്യമില്ലാത്തതും സംഘാടകരെ പരിപാടിയില്‍ നിന്നും പിന്തിരിപ്പിച്ചു.

ഓണത്തല്ല് ശാസ്ത്രീയമായി പഠിപ്പിക്കാനും പഠിക്കാനും താല്പര്യമില്ലാത്ത അവസ്ഥയിലേക്ക് ഈ ഗ്രാമീണ കലാരൂപം മാറിക്കഴിഞ്ഞതായി ഭാരവാഹികള്‍ സൂചിപ്പിച്ചു. ഓണത്തല്ല് ഇല്ലാത്ത സാഹചര്യത്തില്‍ സെപ്റ്റംബര്‍ ആറിന് ഉച്ചതിരിഞ്ഞ് രണ്ടു മുതല്‍ കുന്നംകുളം ടൗണ്‍ഹാളില്‍ കരാട്ടെ, വാള്‍ പയറ്റ്, കഠാരിപയറ്റ്, ഉറുമി പ്രയോഗം തുടങ്ങിയ അഭ്യാസങ്ങള്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാത്യു ചെമ്മണ്ണൂര്‍, എം കെ നാരായണ നമ്പൂതിരി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.