കൈനകരി പഞ്ചായത്ത് നിവാസികള്‍ ഒഴികെയുള്ള കുട്ടനാട്ടുകാര്‍ ഇന്ന്  വീടുകളിലേക്ക് മടങ്ങും. ഇനിയും വെള്ളമിറങ്ങാത്ത കൈനകരി പഞ്ചായത്തുകാര്‍ താമസിക്കുന്ന സ്‌കൂളുകള്‍ ഒഴിവാക്കി അവര്‍ക്കായി പുതിയ വാസകേന്ദ്രങ്ങള്‍ ഒരുക്കും. 

ആലപ്പുഴ: കൈനകരി പഞ്ചായത്ത് നിവാസികള്‍ ഒഴികെയുള്ള കുട്ടനാട്ടുകാര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും. ഇനിയും വെള്ളമിറങ്ങാത്ത കൈനകരി പഞ്ചായത്തുകാര്‍ താമസിക്കുന്ന സ്‌കൂളുകള്‍ ഒഴിവാക്കി അവര്‍ക്കായി പുതിയ വാസകേന്ദ്രങ്ങള്‍ ഒരുക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നതോടെ ഒരോ പഞ്ചായത്തിലും ആവശ്യത്തിന് ഭക്ഷണവിതരണ കേന്ദ്രം സജ്ജമാക്കാന്‍ ജില്ല കലക്ടര്‍ എസ് സുഹാസ് കുട്ടനാട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

മറ്റ് പഞ്ചായത്തുകളിലും വെള്ളം ഇനിയും ഇറങ്ങാത്ത നിരവധി പ്രദേശങ്ങളുണ്ട്. അവിടെ ദുരിതാശ്വാസ കേന്ദ്രങ്ങളും ആരംഭിക്കും. ഒരാഴ്ചയെങ്കിലും ഭക്ഷണവിതരണകേന്ദ്രങ്ങള്‍ തുടരേണ്ടിവരും. സാദ്ധ്യമായ എല്ലാ സ്‌കൂളുകളും അധ്യായനത്തിന് വിട്ടു നല്‍കാനാണ് തീരുമാനം. എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കാന്‍ കിലോസ്‌കുകള്‍ തയ്യാറാക്കന്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

വിവിധ പഞ്ചായത്തുകളിലായി 191 കിയോസ്‌കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും കൂടുതല്‍ ആവശ്യമുള്ളയിടത്ത് സ്ഥാപിക്കുമെന്നും ഉപഡയറക്ടര്‍ പറഞ്ഞു. നിലവില്‍ ആറു പഞ്ചായത്തുകളില്‍ ജല അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നുമുണ്ട്. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് നല്‍കാനുള്ള ആവശ്യസാധനങ്ങളുടെ കിറ്റുകള്‍ തയ്യാറാക്കാന്‍ എല്ലാ താലൂക്കിലും കേന്ദ്രം തുടരാന്‍ ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ അമ്പലപ്പുഴ, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് കിറ്റ് തയ്യാറാക്കുന്നത്. മാവേലിക്കര, കാര്‍ത്തികപ്പള്ളി, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലും കിറ്റ് തയ്യാറാക്കല്‍ കേന്ദ്രം തുറക്കാനാണ് നിര്‍ദേശം. 

കിറ്റ് തയ്യാറാക്കുന്നതിന്‍റെ ഏകോപന ചുമതല എ ഡി എം. ഐ അബ്ദുള്‍ സലാമിനാണ്. ജില്ലയിലെ ക്യാമ്പുകളിലായി 85,000 കിറ്റുകള്‍ വേണമെന്നാണ് കണക്ക്. ഇതിനകം 27000 കിറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കിറ്റുകള്‍ തയ്യാറാക്കല്‍ കേന്ദ്രങ്ങള്‍ തുറക്കുന്നത്. നാല് ദിവസത്തിനകം കിറ്റുകള്‍ തയ്യാറാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.