സമരം നടക്കുന്നതറിയാതെ നിരവധി സഞ്ചാരികളാണ് ടൂറിസം കേന്ദ്രത്തിലെത്തിയത്. lതൊഴിലാളികൾ കുട്ടവഞ്ചി ഇറക്കാഞ്ഞതോടെ സഞ്ചാരികൾ മടങ്ങിപ്പോയി.

കോന്നി: പത്തനംതിട്ട കോന്നി അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ തുഴച്ചിൽ തൊഴിലാളികൾ സമരത്തിൽ. 60 വയസ്സ് കഴിഞ്ഞവരെ ജോലിയിൽനിന്ന് ഒഴിവാക്കാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരവുമായി രംഗത്തെത്തിയത്. തൊഴിലാളികൾ പണി മുടക്കിയതോടെ രാവിലെ മുതൽ ഇക്കോ ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നില്ല. 

സമരം നടക്കുന്നതറിയാതെ നിരവധി സഞ്ചാരികളാണ് ടൂറിസം കേന്ദ്രത്തിലെത്തിയത്. lതൊഴിലാളികൾ കുട്ടവഞ്ചി ഇറക്കാഞ്ഞതോടെ സഞ്ചാരികൾ മടങ്ങിപ്പോയി. കോന്നി ആനക്കൂട് അപകടത്തിന് ശേഷമാണ് 60 കഴിഞ്ഞവർ വേണ്ടെന്ന് വനംവകുപ്പ് തീരുമാനിച്ചത്. 
തുഴച്ചിൽ തൊഴിലാളികൾ അല്ലാത്ത താൽക്കാലികക്കാരെയും തീരുമാനം ബാധിക്കും. വനം വകുപ്പിന്‍റെ തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളികൾ പറഞ്ഞു.

കോന്നിയില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ അകലെയുള്ള തണ്ണിത്തോട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന അടവിയിലാണ്, കേരളത്തില്‍ ആദ്യമായി വിനോദസഞ്ചാരത്തിനായി കുട്ടവഞ്ചി യാത്രക്ക് അവസരം ഒരുക്കിയത്. അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ മുണ്ടോംമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ അവധിക്കാലത്ത് നല്ല തിരക്കാണ്. രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേരുള്ള സംഘത്തിന് 500 രൂപയാണ് അരമണിക്കൂർ കുട്ടവഞ്ചി യാത്രയ്ക്കുള്ള ഫീസ്, കുട്ടയുടെ നമ്പരും പാസിൽ രേഖപ്പെടുത്തിയാൽ യാത്ര തുടങ്ങാം.

കേരള വനം - വന്യജീവി വകുപ്പും സംയുക്തമായി ആരംഭിച്ച കോന്നി - അടവി ഇക്കോ ടൂറിസം പദ്ധതി ഇപ്പോള്‍ പ്രദേശത്തെ മികച്ചൊരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിരുന്നു. ഇതിനിടെയിലാണ് വനം വകുപ്പ് 60 വയസ്സ് കഴിഞ്ഞവരെ ജോലിയിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. ഇതോടെ ജീവനക്കാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.