ബെംഗളുരു-കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ നിന്നും 245 ഗ്രാം എം.ഡി.എം.എയുമായി രണ്ട് മലപ്പുറം സ്വദേശികളെ വയനാട് പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്
മാനന്തവാടി: ടൂറിസ്റ്റ് ബസില്‍ കൊമേഴ്ഷ്യല്‍ അളവില്‍ മാരകമയക്കുമരുന്നായ എം. ഡി. എം. എ കടത്താനുള്ള യുവാക്കളുടെ ശ്രമം പൊളിച്ചടുക്കി വയനാട് പോലീസ്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ഏറനാട് പറമ്പില്‍ത്തൊടി വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്(28), മൊറയൂര്‍ ഉണ്ണിയേരിക്കുന്ന് വീട്ടില്‍ റബീല്‍ നിയാസ് (30) എന്നിവരെയാണ് 245 ഗ്രാം എം. ഡി എം എയുമായി അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല ലഹരി വിരുദ്ധ സേനയും, മാനന്തവാടി പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ മാനന്തവാടിക്കടുത്ത ചെറ്റപ്പാലത്ത് നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎ പിടികൂടിയത്.
ബെംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് സ്ലീപ്പര്‍ ബസിലെ യാത്രക്കാരായിരുന്നു യുവാക്കള്‍. ഇരുവരും കയ്യില്‍ കരുതിയ ബാഗുകളില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഒന്നാം പ്രതിയായ സല്‍മാനുല്‍ ഫാരിസിനെതിരെ കൊണ്ടോട്ടി സ്റ്റേഷനില്‍ രണ്ട് എന്‍. ഡി. പി. എസ് കേസുകളും വാഴക്കാട്, ബേപ്പൂര്‍ സ്റ്റേഷനുകളില്‍ മോട്ടോര്‍ വാഹന കേസുകളും നിലവിലുണ്ട്. റബീല്‍ നിയാസിനെതിരെ മഞ്ചേരി, പന്തീരാങ്കാവ് സ്റ്റേഷനുകളില്‍ ലഹരി കേസുകളുണ്ട്.
ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ എസ്.ഐ ജിതിന്‍ കുമാര്‍, ജൂനിയര്‍ എസ്.ഐമാരായ കെ. സിന്‍ഷ, മുര്‍ഷിദ്, എ എസ് ഐ റോയ്‌സണ്‍ ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഎസ്.സി.പി.ഒ സെല്‍വന്‍, സി.പി.ഒമാരായ കെ.വി. രഞ്ജിത്ത്, സനൂപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്



